
തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.
കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷിതാക്കൾ അനുമതി നൽകാത്തതിനാൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തില്ല. ശസ്ത്രകിയ ചെയ്താൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും, ദീർഘകാലം നീണ്ട് നിൽക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് സമ്മതം നൽകാഞ്ഞത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും.
വ്യാഴാഴ്ച അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്. പൊലീസും പൊതുജനങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളും കുഞ്ഞു ജീവൻ കാക്കാൻ ഒരു മനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലൻസ് ഡ്രൈവർ ആദർശ് പറഞ്ഞു. വരുന്ന വഴി തടസങ്ങൾ ഒന്നുമുണ്ടായില്ലെന്നും ആദർശ് പറഞ്ഞു.
ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽനിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45 ഓടെ ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിൽ ആംബുലൻസ് എത്തി. കുഞ്ഞിനെ ഹൃദ്രോഗ വിദഗ്ധർ പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam