ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' പൊളിക്കും; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടർ

Published : Jan 13, 2025, 04:15 PM IST
 ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' പൊളിക്കും; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടർ

Synopsis

നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ച കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാൻ സബ് കളക്ടര്‍ തീരുമാനിച്ചത്. 

നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

Also Read: 'സമാധി ഇരിക്കാനുള്ള കല്ല് അച്ഛൻ നേരത്തെ വാങ്ങി', സുഗന്ധദ്രവ്യങ്ങള്‍ ഇട്ടാണ് നിമഞ്ജനം ചെയ്തതെന്ന് മകൻ; ദുരൂഹത

ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K