
ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായി വിവരം. എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുലര്‍ ഫ്രണ്ടിൻ്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.
അതിനിടെ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൾ സത്താറിലെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഭീകര സംഘടനകളിലേക്കുളള റിക്രൂട്ട്മെൻ്റ്, ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ കൊല്ലം പുനലൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ ഒന്നാം പ്രതി ബാസിത്താണ് അറസ്റ്റിലായത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത്തെന്നു പൊലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂരിൽ വാഹനങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.
.
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളിൽ സംസ്ഥാനത്ത് ഇപ്പോഴും അറസ്റ്റ് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഇന്ന് 22 പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ഇതുവരെ 357 കേസുകളിലായി 2,291 പേരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 50 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് കൊല്ലത്തും. 359 പേരാണ് കൊല്ലം ജില്ലയിൽ മാത്രം അറസ്റ്റിലായത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam