ഐഎസുമായി ചേർന്ന് ഭീകരാക്രമണ പദ്ധതി; കനകമലയിലെ രഹസ്യയോഗത്തില്‍ എന്‍ഐഎ കോടതി വിധി ഇന്ന്

By Web TeamFirst Published Nov 25, 2019, 12:16 AM IST
Highlights

ആദ്യ കുറ്റപത്രത്തിൽ 8 പ്രതികൾ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ വിചാരണ പിന്നീട് തുടങ്ങും

കൊച്ചി: ഐ എസുമായി ചേർന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക.

ആദ്യ കുറ്റപത്രത്തിൽ 8 പ്രതികൾ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ വിചാരണ പിന്നീട് തുടങ്ങും. 2016 ഒക്ടോബറിലാണ് എൻഐഎ കണ്ണൂർ കനകമലയിൽ ക്യാമ്പ് ചെയ്ത് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിൽ ആറ് പേരെ പിടികൂടിയത്. ഇവരുമായി സമൂഹമാധ്യമങ്ങളിലൂടെ ഭീകരാക്രമണ പദ്ധതിയ്ക്ക് പിന്തുണ നൽകിയവരെയാണ് പിന്നീട് പിടികൂടിയത്.

കേസിൽ ആകെ 15 പ്രതികളുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തിൽ 8 പ്രതികളാണുള്ളത്. ഇറാഖിൽ ആയുധ പരിശീലനം നേടിയ തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസിൽ പ്രതിയാണെങ്കിലും വിചാരണ പൂർത്തിയാകാത്തതിനാൽ ഇയാളുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.

click me!