എട്ടുമാസം തടവിൽ, നിയമ പോരാട്ടം; നൈജീരിയൻ സേന തടവിലാക്കിയ മലയാളികളടക്കമുള്ളർക്ക് ഒടുവിൽ മോചനം

By Web TeamFirst Published May 28, 2023, 9:03 AM IST
Highlights

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും കൂട്ടത്തിലുണ്ടായിരുന്നു. എട്ട് മാസത്തിനുശേഷമാണ് മോചനം സാധ്യമായത്.

കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാര്‍ക്ക് മോചനം. കപ്പലും ജീവനക്കാരുടെ പാസ്‌പോർട്ടുകളും വിട്ട് നല്‍കി. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരുടെ മോചനമാണ് എട്ട് മാസത്തിനുശേഷം സാധ്യമായത്. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം ടി ഹീറോയിക് ഇദുൻ എന്ന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

2022 ആഗസ്റ്റ് മുതൽ ഹീറോയിക് ഇടുൻ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള  ക്രൂ അംഗങ്ങളെ എക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയിരിക്കുകയാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും കൂട്ടത്തിലുണ്ടായിരുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമേ, സനു ജോസ്, മിൽട്ടണ്‍ എന്നിവരാണ് കപ്പിലിലുണ്ടായിരുന്ന മറ്റ് മലയാളികൾ. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. 

click me!