നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ ലഭിച്ച പത്രികകൾ 17. അൻവറിന് അപരനായി അൻവർ സാദത്ത്
മലപ്പുറം: നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരിന് 12 സ്ഥാനാർത്ഥികൾ. ഇടതു സ്ഥാനാർത്ഥി എൻ സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി വി അൻവർ, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജും ഇന്ന് പത്രിക നൽകി. ഈ മാസം അഞ്ചിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം ആദ്യം പത്രിക നൽകിയത് ഇടതു സ്ഥാനാർത്ഥി എം സ്വരാജാണ്. മന്ത്രി വി അബ്ദുറഹ്മാനും സിപിഎം നേതാക്കളായ വിജയരാഘവനും ഉൾപ്പെടെയുള്ള നേതാക്കൾ സ്വരാജിനെ അനുഗമിച്ചു. ചന്ത കുന്നിൽ നിന്ന് റോഡ് ഷോ നടത്തിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ പത്രിക സമർപ്പണത്തിന് എത്തിയത് . തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അൻവറും ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻ്റെ ഒപ്പം എത്തി എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക സമർപ്പിച്ചു.
എൻഡിഎ ഘടകകക്ഷിയായ എസ് ജെ ഡി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിനിർണയത്തെപ്പറ്റി മുന്നണിയിൽ ചർച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം എന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പി വി അൻവറിന്റെ അപരനായി അൻവർ സാദത്തും പത്രിക നൽകിയിട്ടുണ്ട്. ചുങ്കത്തറയിലെ കോൺഗ്രസ് പ്രവർത്തകനാണ് അൻവർ സാദത്ത് എന്നാണ് വിവരം . പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam