തിരൂര്‍ ജോയിൻ്റ് ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ലേണിങ് ടെസ്റ്റ് ഇല്ലാതെയും ആള്‍മാറാട്ടത്തിലൂടെയും വിദേശത്തുള്ളവര്‍ക്കടക്കം അനധികൃതമായി ലൈസന്‍സ് അനുവദിച്ചതായി വ്യക്തമായി
മലപ്പുറം: തിരൂര്‍ ജോയിൻ്റ് ആര്‍.ടി ഓഫീസില്‍ ലേണിങ് ടെസ്റ്റ് ഇല്ലാതെ അനധികൃതമായി ലൈസന്‍സ് അനുവദിക്കുന്നതടക്കം വന്‍ ക്രമക്കേട് നടക്കുന്നതായി വി ജിലന്‍സിന്റെ കണ്ടെത്തല്‍. ഏഴ് മണിക്കൂറിലേറെ നേരം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ആള്‍മാറാട്ടത്തിലൂടെ ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തി നല്‍കുന്ന റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥര്‍ വന്‍ തുക സമ്പാദിച്ചതായാണ് വിവരം. വിദേശ രാജ്യങ്ങളിൽ നിന്നും ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് നടത്തിയാല്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ചട്ടമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ഉള്‍പ്പെട്ട സംഘം വന്‍ തുക കൈക്കൂലി വാങ്ങി ലേണേഴ്സ് ടെസ്റ്റിന് നാട്ടിൽ എത്താത്തവര്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി വിജിലന്‍സ് ടീം കണ്ടെത്തി.
തിരൂര്‍, കോട്ടക്കല്‍, വളാഞ്ചേരി മേഖലകളിലെ ചില ഏജന്റുമാരും, ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ ഉടമകളും ചേര്‍ന്നാണ് ആള്‍മാറാട്ടത്തിലൂടെ ലൈസന്‍സ് ലഭ്യമാക്കിയത്. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ലേണിങ് പരീക്ഷ എഴുതിയാല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ അപേക്ഷകര്‍ നേരിട്ട് ഹാജരായി പരീക്ഷ എഴുതണമെന്നാണ് നിയമം. പക്ഷെ തിരൂരില്‍ വിദേശത്തുള്ളവര്‍ക്കായി മറ്റുള്ളവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയാണ് ലൈസന്‍സുകള്‍ നേടിയത്.
ഇത്തരം അപേക്ഷകള്‍ പരിശോധിക്കുകയും ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നത് ജോയിന്റ് ആര്‍ടിഒയാണ്. അനധികൃതമായി ലൈസന്‍സ് നല്‍കുന്നതിനായി ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്ന് ഒരാള്‍ക്ക് 50,000 രൂപ വരെ ഈടാക്കിയിരുന്നതായും, ഇതില്‍ വലിയ പങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും, കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.


