
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ തേടി ബിജെപിയും. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായി ബിജെപി നേതാവ് എം ടി രമേശ് ചർച്ച നടത്തി. മഞ്ചേരിയിൽ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. നിലമ്പൂർ മണ്ഡലത്തിലെ മണിമൂളി സ്വദേശിയാണ് ബീന ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു.
ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനം എടുക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്. മലയോര മേഖലയിൽ നിന്നുള്ള ക്രിസ്ത്യൻ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാൽ ഇതുവരെ അനുകൂലമായ തീരുമാനം ബീന ജോസഫ് പറഞ്ഞിട്ടില്ല.
അതേസമയം യുഡിഎഫിന് തലവേദന സൃഷ്ടിച്ച പി വി അൻവർ അയയുകയാണെന്ന സൂചനകളും പുറത്തുവരുന്നു. യുഡിഎഫ് അസോസിയേറ്റ് അംഗമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങാനാണ് സാധ്യത. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ പി വി അൻവർ മാധ്യമങ്ങളെ കാണും. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുകയാണ്. യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന നാല് പഞ്ചായത്ത് കൺവെൻഷനുകളിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും.
അതേസമയം ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം. എങ്കിലും ഇന്നലെ നേതൃയോഗത്തിൽ നേതാക്കൾക്ക് ചുമതലകൾ നിശ്ചയിച്ചതോടെ സിപിഎം താഴെത്തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്.