
ദില്ലി: പിവി അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്നും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് അൻവറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല. ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്‍റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
പിവി അൻവര്‍ വിഷയത്തിൽ ആരെയും വിമര്‍ശിക്കാതെ അനുനയത്തിന്‍റെ സൂചനയാണ് കെസി വേണുഗോപാൽ നൽകിയത്. മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അൻവര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അൻവറിന്‍റെ അടുത്ത നീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, അൻവര്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയിൽ ലീഗിനും എതിര്‍പ്പുണ്ട്. നിലമ്പൂരിൽ ജയിക്കേണ്ടത് യുഡിഫ് ആവശ്യമാണെന്നും താഴോട്ട് ഇറങ്ങണമെങ്കിൽ ഇറങ്ങണമെന്നുമാണ് ലീഗിന്‍റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. അതേസമയം, വിഷയത്തിൽ എവിടെയും ഇല്ലാതാകാൻ നിൽക്കരുതെന്നും രാഷ്ട്രീയ ഭാവി സ്വയം ഇല്ലാതാക്കരുതെന്നുമുള്ള മുന്നറിയിപ്പും ലീഗ് അൻവറിന് നൽകുന്നുണ്ട്.
ഇതിനിടെ, അൻവർ വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. വി.ഡി സതീശൻ ഒറ്റയ്ക്കല്ല എല്ലാവരും ഒരുമിച്ചു തന്നെയാണ് തീരുമാനം എടുക്കുന്നത്. തെരഞ്ഞെടുപ്പ് സർക്കാരിനെതിരയ വിധിയെഴുത്താണ്. അതിന് യുഡിഎഫിനൊപ്പം ആരൊക്കെ വന്നാലും കൂടെ കൂട്ടുമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
അൻവർ 101 ശതമാനവും യുഡിഎഫിനൊപ്പം ഉണ്ടാകും-അടൂര്‍ പ്രകാശ്
അൻവറിന്‍റെ കാര്യത്തിൽ വി.ഡി സതീശൻ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.പ്രതിപക്ഷ നേതാവും ഞങ്ങളും എല്ലാം ഒന്നാണ്. വേർതിരിവ് ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കരുത്. അൻവറിന്‍റെ കാര്യത്തിൽ ഒരു പിടിവാശിയുമില്ല. അൻവർ 101 ശതമാനവും യുഡിഎഫിനൊപ്പം ഉണ്ടാകും. അതിന് മുൻപ് അൻവറും ചില തീരുമാനങ്ങൾ എടുക്കാനുണ്ട്.
കെ.സുധാകരൻ വർക്കിംഗ് കമ്മറ്റി അംഗമാണ്. അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ട് പോകും. സ്ഥാനാർഥിയെ കുറിച്ച് എന്തെങ്കിലും കെട്ടിചമച്ച കഥകൾ ഉണ്ടാക്കാൻ എളുപ്പമാണ്. അതൊന്നും ജനങ്ങൾ അംഗീകരിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam