
മലപ്പുറം: പിവി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്. ചർച്ചകൾ പൂർണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷവും അൻവറിനോട് ചില കോൺഗ്രസ് നേതാക്കൾ സംസാരിച്ചതായാണ് വിവരം. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടെന്ന് ഇവർ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം മാറുമെന്നും അപ്പോൾ പരിഗണിക്കാമെന്നും അൻവറിന് പ്രതീക്ഷയും നൽകിയെന്നാണ് വിവരം. അൻവറുമായി ഇനി ചർച്ചയില്ലെന്നാണ് വിഡി സതീശൻ അറിയിച്ചത്.
അതേസമയം, മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നായിരുന്നു വിമര്‍ശനം. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ഇനി കെസി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയര്‍ന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam