
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം പൊലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംശയങ്ങൾക്ക് ഇട നൽകാതെ ആത്മഹത്യയെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ട് പേരെ എങ്ങനെ കൊലപ്പെടുത്താമെന്നാണ് ഭിത്തിയിൽ പതിപ്പിച്ച ചാർട്ടിലുള്ളത്. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ കൂട്ടാളിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയാണിതെന്നാണ് വിവരം. കൃത്യത്തിൽ പങ്കെടുക്കുന്നവർക്ക് ആസൂത്രണ സമയത്ത് തന്നെ ജോലികൾ നിശ്ചയിച്ചു നൽകിയതായി പുറത്തു വന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്. തെളിവുകൾ നശിപ്പിക്കാനും വിശദമായ പദ്ധതി രേഖയിലുണ്ട്.
ഹാരിസ് 2020 ൽ അബുദാബിയിൽ വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് ഷൈബിൻ പൊലീസിന് നൽകിയ മൊഴി. ഹാരിസിൻ്റെ മരണം കൊലപാതകമാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനിടെ കേസിലെ പ്രതി നൗഷാദിൻ്റെ സഹോദരൻ അഷ്റഫിൻ്റെ വീട്ടുവളപ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നിന്ന് 9 ജലാറ്റിൻ സ്റ്റിക്കുകളാണ് കഴിഞ്ഞ മാസം 28 ന് കവർച്ച കേസിലെ തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam