
പാലക്കാട്: ആലത്തൂരിൽ (Alathur) കാണാതായ (missing case) ഇരട്ട സഹോദരിമാരെയും (Twin sisters) സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും (boys) കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കണ്ടത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഇരട്ട സഹോദരിമാരും , രണ്ട് ആൺകുട്ടികളെയുമാണ് പൊലീസ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും.
നേരത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി യിരുന്നു..കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയിൽ സ്കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.
അതേ സമയം ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്.
പുസ്തക കടയില്‍ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam