
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ അതിർത്തികളിലും പരിശോധന. തമിഴ്നാടിൻ്റെ അതിർത്തികളിൽ പരിശോധന ഇന്നും തുടരുകയാണ്. ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. കേരളത്തിൽ നിന്നുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം പനിയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കടത്തിവിടുന്നത്.
ഇന്നലെ പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ്. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ. ഒരു യുവതിക്കാണ് ആദ്യം പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിലായി ജില്ലയിൽ 347 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച 58കാരനായ കുമരംപുത്തൂ൪ സ്വദേശി ജോലി ചെയ്ത അട്ടപ്പാടി അഗളിയിലെ കള്ളമലയിലെ തോട്ടം കഴിഞ്ഞ ദിവസം വിദഗ്ധ സംഘം പരിശോധിച്ചു. നിയന്ത്രണമുള്ള മേഖലകളിൽ നിന്ന് 160 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കുമരംപുത്തൂ൪, കാരക്കുറിശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലും മണ്ണാ൪ക്കാട് മുനിസിപ്പാലിറ്റിയിലെ അഞ്ച് വാ൪ഡുകളിലും നിയന്ത്രണങ്ങൾ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam