
കോഴിക്കോട്: നിപ ബാധയിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് ജില്ലയിൽ 24ാം തീയതി വരെ വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ആകെ 706 പേരാണുള്ളത്. 11 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 3 പേർ വീടുകളിൽ ഐസോലേഷനിൽ കഴിയുന്നുണ്ട്. ഒമ്പത് വയസ്സുള്ള കുട്ടിക്കായി മോണോക്ലോണൽ ആന്റിബോഡി ഉടനെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഹൈ റിസ്ക് കോണ്ടാക്ടുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ദിശയുടെ സേവനവും ഉപയോഗിക്കാം. കൂടാതെ കണ്ടെയ്‌മെന്റ്റ് സോണുകളിൽ സന്നദ്ധ പ്രവർത്തകരുടെ ടീം സജ്ജമാക്കും. വോളന്റീയർമാർക്ക് ബാഡ്ജുകൾ നൽകും. ഐസൊലേഷനിൽ കഴിയുന്നവർക്ക് വോളന്റീയർമാരുടെ സേവനം തേടാം. പഞ്ചായത്ത് ആണ് വോളന്റീയർമാരെ തീരുമാനിക്കേണ്ടത്. ബാഡ്ജ് ഉള്ള വോളന്റീയർമാർക്കാണ് അനുമതി നൽകുക. ലക്ഷണങ്ങൾ ഉള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയാൽ മതിയെന്നും മന്ത്രി നിർദ്ദേശിച്ചു.
ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ കളക്ടർക്ക് തീരുമാനിക്കാം. 30ന് മരിച്ചയാൾ ഇൻഡക്സ് രോഗി എന്ന് കണക്കാക്കാം. മറ്റ് അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംസ്ഥാനതലത്തിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സാമ്പിളുകൾ തോന്നയ്ക്കലും കോഴിക്കോടും പരിശോധിക്കും. കേന്ദ്ര സംഘത്തിലെ കൂടുതൽ പേർ ഇന്ന് എത്തുമെന്നും മന്ത്രി അറിയിച്ചു.
ഹൈ റിസ്ക് സാമ്പിളുകൾ ആവശ്യമെങ്കിൽ പൂണെയിലേക്ക് അയക്കും. ഹൈ റിസ്ക് കോണ്ടാക്ടിൽ ഉള്ള മൂന്ന് പേർക്ക് നേരിയ ലക്ഷണങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയെ ബൈക്കിൽ പോകുമ്പോൾ വവ്വാൽ അടിച്ചതാണ്. ഇയാളുടെ സാമ്പിൾ പരിശോധിക്കുന്നുണ്ട്. നിപ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. മറ്റ് പ്രശ്നങ്ങൾ ഇല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ സാമ്പിളുകൾ തോന്നയ്ക്കൽ ലാബിലാണ് പരിശോധിക്കുക എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam