യാത്രക്കിടെ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് നിരീക്ഷണം; തിരുവനന്തപുരത്തെ നിപ പ്രചാരണത്തിൽ കടകംപള്ളി
ആശങ്ക വേണ്ട, തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുള്ളയാളുടെ പനി മാറിയെനന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിഡിഎസ് വിദ്യാർത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ.
പനി ബാധിച്ച് ചികിത്സയിലിരിക്കെ, യാത്രക്കിടെ മുഖത്ത് വവ്വാൽ അടിച്ചുവെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളയാളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളതെന്ന പ്രചാരണം തെറ്റാണ്. ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇപ്പോൾ ഈ വിദ്യാർത്ഥിയുടെ പനി കുറഞ്ഞിട്ടുണ്ട്. സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടകംപള്ളിയുടെ കുറിപ്പിങ്ങനെ..
പനി ബാധിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഒരു വിദ്യാർത്ഥിയെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡെന്റൽ കോളേജ് പ്രിൻസിപ്പലിനോട് വിവരങ്ങൾ അന്വേഷിച്ചു. പനി ബാധിച്ച് ചികിത്സ തേടവേ, താൻ യാത്ര ചെയ്യുമ്പോൾ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയതാണ്.
വിദ്യാർത്ഥിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആളുടെ പനിയും കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ വിദ്യാർത്ഥിക്ക് കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്ടാക്ട് ഉണ്ട് എന്നുള്ള പ്രചാരണം തെറ്റാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു പരിഭ്രാന്തി പടർത്തരുത്.
Read more: നിപ ജാഗ്രത: കണ്ടെയിൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റിവെച്ചതായി കാലിക്കറ്റ് സർവ്വകലാശാല
അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.
ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകൾക്ക് പുറമേ സൂപ്പര്‍ മാർക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പർക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുക. നിപ്പയ്ക്കുള്ള പ്രത്യേക മരുന്ന് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം