തിരുവനന്തപുരം: അഡീഷണൽ പിഎ അയ്യപ്പനെ കസ്റ്റംസ് വിളിച്ചുവരുത്താതിരിക്കാൻ നിയമത്തിന്‍റെ പഴുത് ദുരുപയോഗം ചെയ്ത സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാർക്ക് കിട്ടുന്ന സുരക്ഷ ഏത് സാഹചര്യത്തിലാണ് പി എയ്ക്ക് ലഭിക്കുന്നത്? സ്പീക്കർ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് നിയമസഭ ചർച്ച ചെയ്യാനിരിക്കുകയാണ്.
സ്പീക്കർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്? ധൈര്യമുണ്ടെങ്കിൽ അന്വേഷണം നേരിടുകയല്ലേ വേണ്ടത്? സ്പീക്കർ സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. അഴിമതിയും ധൂർത്തും നടത്തിയ ആളാണ് സ്പീക്കർ. ആ അഴിമതി പുറത്തുവരും. അതിന് വേണ്ടിത്തന്നെയാണ് വീണ്ടും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എം ഉമ്മർ എംഎൽഎ നോട്ടീസ് നൽകിയിരിക്കുന്നത്.
സർക്കാരിന്‍റെ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണെന്ന് ചെന്നിത്തല പറയുന്നു. രാജ്യദ്രോഹക്കുറ്റത്തിന് പിന്തുണ കൊടുത്ത സർക്കാരാണിത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി. കേരളം കണ്ട ഏറ്റവും വലിയ അഴിമതികൾ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഈ അഴിമതി ഒലിച്ചുപോയി എന്നാരും കരുതേണ്ടെന്ന് ചെന്നിത്തല പറയുന്നു. നിയമസഭാതെരഞ്ഞെടുപ്പിൽ ഈ അഴിമതികളെല്ലാം പ്രതിഫലിക്കും. പ്രതിപക്ഷം അപക്വനിലപാടെടുക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക്, ആരാണ് അപക്വനിലപാടെടുക്കുന്നതെന്ന് ജനം കാണുകയല്ലേ എന്നും ചെന്നിത്തല മറുപടി നൽകുന്നു.
താൻ നിരപരാധിയാണെന്ന് സ്പീക്കർ ആവർത്തിക്കുമ്പോഴും നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്‍റെ വിമർശന മുന പ്രധാനമായും നീളുക പി ശ്രീരാമകൃഷ്ണനിലേക്ക് തന്നെയാകും. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസിൽ ഒന്നരമണിക്കൂർ ചർച്ചയുണ്ടാകും. തീയതി പിന്നീട് തീരുമാനിക്കും. സ്വർണ്ണക്കടത്തും ഡോളർ കടത്തും വീണ്ടും പ്രതിപക്ഷം ആയുധമാക്കുമ്പോൾ വിവാദങ്ങൾ മറികടന്ന് നേടിയ തദ്ദേശ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും സർക്കാർ പ്രതിരോധം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam