നിയമസഭയിലെ കൈയാങ്കളി; ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് സർക്കാർ അഭിഭാഷകയെ മാറ്റി

By Web TeamFirst Published Oct 10, 2020, 10:37 AM IST
Highlights

കേസ് നടത്തിപ്പ് അസിസ്റ്റന്‍റ്  പ്രോസിക്യൂട്ടർ ജയിൽ കുമാറിന് കൈമാറി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉത്തരവിറക്കി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. കേസ് നടത്തിപ്പ് അസിസ്റ്റന്‍റ്  പ്രോസിക്യൂട്ടർ ജയിൽ കുമാറിന് കൈമാറി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉത്തരവിറക്കി.  പ്രതികളായ സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് നിയമസഭ കയ്യാങ്കളിക്കേസിലെ സർക്കാർ അഭിഭാഷകയെ മാറ്റിയത്. വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മാറ്റം. കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവിനെ അഭിഭാഷക പിന്തുണച്ചില്ലെന്നാണ് സിപിഎം പരാതി

 2015 ൽ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കേസ്.  മന്ത്രിമാരായ ഇപി ജയരാജൻ കെടി ജലീൽ , വി.ശിവൻകുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. വി.ശിവൻകുട്ടി നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്നാൽ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളുകയായിരുന്നു. 

സർക്കാറിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന കോടതിയിൽ ശക്തമായ വാദം നടത്തിയില്ലെന്നാണ് വി ശിവൻകുട്ടി ഉന്നയിച്ച പരാതി. പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും തമ്മിൽ വാക്കുതർക്കവും നടന്നിരുന്നു. സർക്കാർ നിലപാട് വിശദീകരിക്കാനുള്ള ബാാധ്യത തനിക്കാണെന്നും അതിൽ പ്രതികളുടെ അഭിഭാഷകൻ ഇടപെടേണ്ടതില്ലെന്നും ബീന കോടതിയിൽ വാദിച്ചു.

പ്രതികളുടെ അഭിഭാഷകന് വാദിക്കാൻ അനുവാദം നൽകിയാൽ കോടതിയിൽ നിന്നും ഇറങ്ങുപോകുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഇതെല്ലാം ഇടതുനേതാക്കളെ പ്രകോപിച്ചിട്ടുണ്ട്. കേസ് പിൻവലിക്കുന്നതിൽ പൊതുജനതാൽപര്യം ഇല്ലെന്നും വിമർശിച്ചു. ഇതേ തുടർന്ന് ശിവൻകുട്ടി ഉള്‍പ്പെടെ നാലു പ്രതികൾ 30,000 രൂപ കെട്ടിവച്ച ജാമ്യമെടുത്തു. പിന്നാലെയാണ് മുഖ്യന്ത്രിക്ക് പരാതി നൽകിയത്.

ബീനക്ക് പകരം അസിസ്റ്റൻര് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജയിൽകുമാറിനാണ് പുതിയ ചുമതല. പൊലീസ് ആസ്ഥാനത്തുനിന്നും ഇ-മെയിൽ ചോർത്തിയ കേസ് പിൻവലിക്കുന്നതിനെയും നേരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എതിർത്തിരുന്നു.

click me!