
കോഴിക്കോട്: കാരശേരി സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് നീക്കം നടത്തിയ ബാങ്ക് ചെയർമാൻ എൻ.കെ.അബ്‌ദുറഹ്മാനെ കോൺഗ്രസ് പുറത്താക്കി. കെപിസിസി അംഗമായ ഇദ്ദേഹത്തിനെതിരെ കെപിസിസി പ്രസിഡൻ്റാണ് നടപടിയെടുത്തത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കാരശേരി സർവീസ് സഹകരണ ബാങ്ക്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്ക്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയർമാനായ അബ്‌ദുറഹ്മാൻ സിപിഎമ്മുമായി ചേർന്ന് ഭരണം അട്ടിമറിക്കാൻ നീക്കം നടത്തിയത്.
ഇദ്ദേഹം ബാങ്ക് സിപിഎമ്മിന് വിൽക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഏറെ നാളായി ഉയർന്നിരുന്നു. എന്നാൽ ഇതിന് പ്രത്യക്ഷമായി തെളിവൊന്നും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്‍ന്നു. നെല്ലിക്കാപ്പറമ്പ് ബ്രാഞ്ചിലെ 7 ജീവനക്കാരുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പുതിയ 800 അംഗങ്ങളെ ഓണ്‍ലൈനായി ചേര്‍ക്കുകയായിരുന്നു.
ഭരണം പിടിച്ചെടുക്കാന്‍ സിപിഎം അനുകൂലികളായ മെമ്പര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്ന് ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പതു പേരും ഹൈക്കോടതിയെ സമീപിച്ചു. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. എന്നാൽ ഇതിന് പിന്നീലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിനെ അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കി. വായ്പകളില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പൊടുന്നനെയുള്ള ഈ നീക്കവും ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമമാണെന്ന് ഡയറക്ടര്‍മാര്‍ ആരോപിക്കുന്നു.
തങ്ങളുടെ ലോഗിന്‍ ഐഡിയും ദുരുപയോഗം ചെയ്താണ് പുതിയ മെമ്പര്‍മാരെ ചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടി നെല്ലിക്കാപ്പറമ്പ് ശാഖയിലെ ഏഴ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. എന്നാൽ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ അന്വേഷണവും അട്ടിമറിക്കപ്പെടുമെന്നാണ് ആരോപണം. കെപിസിസി അംഗം കൂടിയായ എന്‍കെ അബ്ദുറഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡൻ്റ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് ഡയറക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ചെയര്‍മാന്‍ എൻ.കെ. അബ്ദുറഹ്മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam