ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ലെന്ന് സ്പീക്കർ

By Web TeamFirst Published Jan 30, 2020, 10:06 AM IST
Highlights

പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം ഗവർണർ വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് വായിച്ചത്. അത് സഭാ രേഖകളിൽ ഉൾപ്പെടുത്തില്ലെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. 

തിരുവനന്തപുരം: ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ ഇപ്പോൾ നടപടി ആലോചിക്കുന്നില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ തടയുന്ന രീതിയിലേക്ക് പ്രതിപക്ഷാംഗങ്ങൾ പോകരുതെന്നായിരുന്നു തന്‍റെ അഭിപ്രായമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കാൻ താൻ നിർദേശം നൽകിയിട്ടില്ല. വാച്ച് ആന്‍റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. 

ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ്, പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമർശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ 18-ാം ഖണ്ഡിക വായിച്ചത്. ഇതിൽ ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയത് സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്നും, നയപ്രഖ്യാപനം മാത്രം പൂർണരൂപത്തിൽ ഉൾപ്പെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.

ബജറ്റ് സമ്മേളനം തുടങ്ങുന്ന ബുധനാഴ്ച രാവിലെയും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഈ വിഷയത്തിൽ ചർച്ചകൾ നടന്നിരുന്നു. അനാവശ്യപ്രതിസന്ധികൾ ഒഴിവാക്കാൻ ഈ ഭാഗം വായിക്കാതെ വിടരുതെന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരമാണ്, തൽക്കാലം വ്യക്തിപരമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശങ്ങൾ വായിക്കാമെന്ന് ഗവർണർ തീരുമാനിച്ചത്.

സർക്കാരിന് നേട്ടം, ആശ്വാസം

നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ സർക്കാരിന് ആശ്വസിക്കാം. ഗവർണറുമായി അനുരഞ്ജനത്തിൽ പോകാനായത് സർക്കാരിന് നേട്ടവുമാകും. ഇതിന്‍റെ പേരിൽ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുമെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ നിലപാടിലാണ് സർക്കാർ നിൽക്കുന്നതെന്നും, അത് സഭാ നടപടികളെ ബാധിക്കാതിരിക്കാനാണ് അനുരഞ്ജനത്തിന്‍റെ പാത സ്വീകരിച്ചതെന്നും സർക്കാരിന് വാദിക്കാം. 

Read more at: ഗവർണറുടെ വിയോജിപ്പ് ഇനി എന്ത് ചെയ്യും? 18-ാം ഖണ്ഡിക വായിച്ചപ്പോൾ അമ്പരന്നത് പ്രതിപക്ഷം

click me!