Asianet News MalayalamAsianet News Malayalam

ഗവർണറുടെ വിയോജിപ്പ് ഇനി എന്ത് ചെയ്യും? 18-ാം ഖണ്ഡിക വായിച്ചപ്പോൾ അമ്പരന്നത് പ്രതിപക്ഷം

ഗവർണറോട് ഇന്ന് രാവിലെയും പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമുള്ള ഖണ്ഡിക വായിക്കാതെ വിടരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യർത്ഥിച്ചിരുന്നു. ഗവർണർക്കെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചതാണ്. 

unexpected turn of events in governor policy address of kerala assembly
Author
Thiruvananthapuram, First Published Jan 29, 2020, 11:26 AM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ബജറ്റ് സമ്മേളനത്തിൽ ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഭാഗം ഗവർണർ വായിച്ചതോടെ ഒരു നിമിഷം അമ്പരന്ന് നിന്ന കാഴ്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്. രാവിലെ ചേർന്ന പാർലമെന്‍ററി കാര്യ സമിതി യോഗത്തിൽ ഗവർണർ കയറി വരുമ്പോൾത്തന്നെ തടയാനും പ്രതിഷേധിക്കാനും, അങ്ങനെ പൗരത്വ പ്രതിഷേധത്തിൽ ഒരുപടി മുന്നിൽ യുഡിഎഫാണെന്ന് തെളിയിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ, വിയോജിപ്പോടെ ഈ ഭാഗം വായിക്കുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ, എൽഡിഎഫും ഗവർണറും ഭായ്- ഭായ് ആണെന്ന് പറഞ്ഞ് വിമർശനം സർക്കാരിനും ഗവർണർക്കുമെതിരെ തിരിച്ചുവിടുകയാണ് ചെന്നിത്തല. 

ഗവർണറുടെ വിയോജനപ്രസ്താവന എന്തുചെയ്യും?

പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്‍റെ പാതയായിരുന്നു സർക്കാരും സ്വീകരിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിച്ചു.

ഗവർണർ വായിക്കാതെ വിട്ടാലും നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ ഈ ഖണ്ഡികയടക്കം തന്നെയാകും സഭാ രേഖകളിൽ സ്ഥാനം പിടിക്കുക. മന്ത്രിസഭ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് ചട്ടമുണ്ട്. വേണമെങ്കിൽ വായിക്കാതെ വിടാമെന്ന് മാത്രം. അതുമായി ഗവർണർക്ക് മുന്നോട്ട് പോയേ പറ്റൂ. അതിനാൽതന്നെ, വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താൻ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്. 

വിയോജിപ്പ് രേഖപ്പെടുത്തുന്ന പരാമർശം ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ കാര്യം സഭാ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കറോട് ഗവർണർക്ക് ആവശ്യപ്പെടാം. അത് സ്പീക്കറുടെ വിവേചനാധികാരമാണ്. സ്പീക്കർക്ക് ഈ പരാമർശം ഉൾപ്പെടുത്തണോ എന്ന് പരിശോധിച്ച് തീരുമാനിക്കാവുന്നതാണ്.

'ഗവർണർ ആർഎസ്എസ് ഏജന്‍റ്, പിണറായിക്ക് ലാവ്‍ലിൻ പേടി'

വായിക്കില്ലെന്ന് രേഖാമൂലം പറഞ്ഞ ഭാഗം വായിച്ച ഗവർണറുടെ നടപടിയിൽ അമ്പരന്ന പ്രതിപക്ഷം ഉടൻ സർക്കാരിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 

മനുഷ്യച്ചങ്ങല പിടിച്ച ശേഷം മുഖ്യമന്ത്രി ആദ്യം പോയത് രാജ്ഭവനിലേക്കാണെന്നും, ഗവർണറും മുഖ്യമന്ത്രിയും ഭായ്- ഭായ് ആണെന്ന് ഇനിയെങ്കിലും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണമെന്നാണ് ചെന്നിത്തല ഉടനടി പ്രതികരിച്ചത്. നയപ്രഖ്യാപനം നടക്കുമ്പോൾ സഭാ കവാടത്തിൽ കുത്തിയിരിക്കുകയായിരുന്നു പ്രതിപക്ഷം. 

പ്രതിപക്ഷനേതാവിന്‍റെ പ്രമേയം, ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം ഭരണപക്ഷം കൂടി അംഗീകരിച്ചാൽ ഗവർണർക്ക് സഭയെ അഭിമുഖീകരിക്കാൻ കഴിയുമായിരുന്നില്ല. അത് എൽഡിഎഫ് ചെയ്യാത്തത് എന്തുകൊണ്ടാണ്? കവലപ്രസംഗം നടത്തുന്ന മുഖ്യമന്ത്രി അത് ചെയ്യാത്തതെന്ത്? സ്വന്തം പ്രസംഗങ്ങളിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥയുണ്ടോ? ഇതിനെല്ലാം അടിസ്ഥാനമെന്താണ്? ലാവ്ലിൻ വിഷയത്തിൽ ഗവർണർ പാലം ആയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ചെന്നിത്തല ആരോപിച്ചു.

ശക്തമായ നടപടി ഈ പ്രമേയത്തിൽ എടുത്തില്ലെങ്കിൽ ന്യൂനപക്ഷങ്ങളെ പിന്നിൽ നിന്ന് കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുക എന്നും ചെന്നിത്തല. 

സർക്കാരിന് നേട്ടം, ആശ്വാസം

നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ സർക്കാരിന് ആശ്വസിക്കാം. ഗവർണറുമായി അനുരഞ്ജനത്തിൽ പോകാനായത് സർക്കാരിന് നേട്ടവുമാകും. ഇതിന്‍റെ പേരിൽ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുമെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ നിലപാടിലാണ് സർക്കാർ നിൽക്കുന്നതെന്നും, അത് സഭാ നടപടികളെ ബാധിക്കാതിരിക്കാനാണ് അനുരഞ്ജനത്തിന്‍റെ പാത സ്വീകരിച്ചതെന്നും സർക്കാരിന് വാദിക്കാം. 

Follow Us:
Download App:
  • android
  • ios