ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം. 

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രവര്‍ത്തനം പോരെന്ന് വിലയിരുത്തി മാറ്റങ്ങൾ നിര്‍ദ്ദേശിച്ച് സിപിഎം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനെതിരെ അടക്കം സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉണ്ടായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോൾ സര്‍ക്കാര്‍ പോരെന്നാണ് പാര്‍ട്ടി വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അടുത്ത് പോലും എത്തിയില്ല. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന വകുപ്പുകൾ പോലും പ്രവര്‍ത്തന മെച്ചം ഉണ്ടാക്കിയിട്ടില്ലെന്നും വിലയിരുത്തലുണ്ടായി.

മന്ത്രിമാര്‍ ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല. ഈ രീതി മാറ്റണം. പാര്‍ട്ടി നേതാക്കൾ നൽകുന്ന പരാതികൾ തീര്‍പ്പാക്കുന്നതിൽ പോലും വീഴ്ചയുണ്ടാവുന്നു. മന്ത്രിമാരിൽ പലരും ഫോൺ പോലുമെടുക്കില്ല. സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദശിച്ച വേഗമില്ല. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകി. ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പിന് വിമര്‍ശനം. 

ശമ്പളം കൊടുക്കില്ലെന്ന് പറയാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ബഫര്‍സോൺ പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിൽ വനം വകുപ്പിനും വീഴ്ച യുണ്ടായി. മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും. മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും പങ്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്‍റെ യോഗം വിളിക്കും. വ്യാപക പരാതിയുള്ളവരെ മാറ്റാനും സാധ്യതയുണ്ട്. പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെ പക്ഷെ കോടിയേരി തള്ളി.

പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിൽ കേന്ദ്രീകരിക്കുന്നു എന്ന വിലയിരുത്തലിനിടെയാണ് പൊലീസ് വകുപ്പിനെതിരെ വരെ ശക്തമായ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തലത്തിൽ മാത്രമല്ല സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകളും നേതൃയോഗത്തിൽ ചര്‍ച്ചയായി. പാര്‍ലമെന്‍ററി സംവിധാനത്തിന് ചുറ്റും കറങ്ങേണ്ടതല്ല പാര്‍ട്ടിയെന്നും പ്രാദേശിക ജനകീയ വിഷയങ്ങളിൽ വരെ ഇടപെടൽ വേണമെന്നും നിര്‍ദ്ദേശിച്ചാണ് നേതൃയോഗം പിരിഞ്ഞത്.