
തിരുവനന്തപുരം: കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയിൽ ഓഫീസ് തുറക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു. കെ റെയിൽ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല. സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണ്. ഇത് മണ്ടൻ തീരുമാനമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
നേരത്തെ കെ റെയിലിന് പകരം ബദൽ പാതയ്ക്കായി ഒന്നിച്ചുനിന്ന സർക്കാരും ശ്രീധരനും ഇപ്പോൾ നേർക്കുനേർ പോരിലാണ്. ശ്രീധരനെ സ്പെഷ്യൽ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചപ്പോൾ, ശ്രീധരൻ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം. ശ്രീധരന്റെ ബദൽ നിർദ്ദേശം കേന്ദ്ര റെയിൽവേ മന്ത്രി അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് മെട്രോമാനെ പ്രകോപിപ്പിച്ചത്. പൊന്നാനിയിൽ തുടങ്ങുന്ന ഓഫീസിലൂടെ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം നേരിട്ട് കേൾക്കാനാണ് ശ്രീധരന്റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam