
പത്തനംതിട്ട: ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ഇന്നലെവരെ ഞാൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് തന്‍റെ പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അവരുടെ പശ്ചാത്തലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കു എന്നും അദ്ദേഹം വിവരിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ശബരിമലയിൽ തനിക്ക് ഒരു മിഷൻ ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം പ്രസിഡന്‍റായ ശേഷം ആദ്യമായി ശബരിമല സന്ദർശനം നടത്താനായി ആറന്മുളയെത്തിയപ്പോളാണ് ജയകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ശബരിമല സ്വർണക്കൊളള വിവാദങ്ങൾക്കിടെ ഇന്നലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റത്. മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ പ്രസിഡന്‍റായും മുൻ മന്ത്രി കെ രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നാണ് ജയകുമാർ പിന്നാലെ വ്യക്തമാക്കിയത്. ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങളുണ്ടെന്നും അവരെ പുറത്തുനിർത്തിയതിൽ ചിലർക്ക് വിഷമമുണ്ടായെന്നും സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയുടെ കാലത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ചുമതലയിൽ പുതിയ സമിതി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖം മിനുക്കൽ ദൗത്യവുമായാണ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്‍റ് കസേരയിലിരുത്തിയത്. സി പി ഐ പ്രതിനിധിയായയാണ് മുൻ മന്ത്രി കെ രാജുവും ചുമതലയേറ്റത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെയാണ് ഇരുവരും പ്രതിജ്ഞയെടുത്ത് അധികാരമേറ്റത്. വിശ്വാസം വ്രണപ്പെടില്ലെന്ന് ഉറപ്പ് മുന്നോട്ട് വെക്കുന്ന പുതിയ അധ്യക്ഷൻ സ്പോൺസർമാരെ അടക്കം നിയന്ത്രിക്കമന്നാണ് വ്യക്തമാക്കുന്നത്. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലകാല തീർത്ഥാടനം നാളെ തുടങ്ങാനിരിക്കെയാണ് പുതിയ സമിതിയുടെ നയം വ്യക്തമാക്കി പുതിയ പ്രസിഡന്‍റ് ഇന്ന് രംഗത്തെത്തിയത്.