ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം; 'ഉദ്ദവ് താക്കറെ ശിവസേനയിൽ അംഗത്വം എടുത്തിരുന്നു'

Published : Nov 16, 2025, 12:27 PM ISTUpdated : Nov 16, 2025, 12:35 PM IST
suresh, anand bjp leaders

Synopsis

ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

തിരുവനന്തപുരം‌: കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവർ ഭാഗ്യകരമായ വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ്‌ ചന്ദ്ര ശേഖർ നേതാവ് ആയത് അച്ഛന്റെ തണലിൽ അല്ല. രാജീവ്‌ ചന്ദ് ശേഖരിനെ വിമർശിക്കാൻ കെ മുരളീധരൻ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുതെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ വിമർശനങ്ങളോടായിരുന്നു നേതാക്കളുടെ പ്രതികരണം.  

തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മർദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്.

സുഹൃത്തുമായുള്ള സംഭാഷണത്തിൽ ആനന്ദ് പറയുന്നത്

‘രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സമ്മർദം എല്ലാഭാഗത്തുനിന്നുണ്ട്. ഇത്രമാത്രം അപമാനിച്ചിട്ട് അവൻമാരെ വെറുതെ വിടില്ല.എനിക്ക് കഴിയുന്നത്ര പോരാടും. തൻറെ ഐഡൻറിറ്റിയുടെ കാര്യമാണിത്. എന്തു പ്രതിസന്ധി നേരിട്ടാലും പോരാടും. ഇത്രയും കാലം സംഘടനയ്ക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയായിലാണ് നിന്നത്. എൻറെ പണം, എൻറെ ശരീരം, എൻറെ മനസ്, എൻറെ സമയം എല്ലാം സംഘടനയ്ക്ക് നൽകിയിട്ടുണ്ട്. സീറ്റിൻറെ കാര്യത്തിൽ ഈ പരിപാടി കാണിക്കുമ്പോൾ അത് നാലാക്കി മടക്കി വീട്ടിൽ പോയിരിക്കാൻ തനിക്ക് പറ്റില്ല’

ആർഎസ്എസ് പ്രവർത്തകൻ ആനന്ദിൻറെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്ഐആർ. സഹോദരി ഭർത്താവിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് തൻറെ അറിവെന്നാണ് സഹോദരി ഭർത്താവിൻറെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃക്കണ്ണാപുരത്ത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയിരിക്കുകയായിരുന്നു ആനന്ദ് കെ തമ്പി. ഇതിനുമുന്നോടിയായി ശിവസേനയിലും ആനന്ദ് ചേർന്നിരുന്നു.

ആത്മഹത്യാ സന്ദേശത്തിൽ പറയുന്ന നേതാക്കളുടെ മൊഴിയെടുക്കും

ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ് അപ്പ് കുറിപ്പിൻറെ അടിസ്ഥാനത്തിൽ പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ആനന്ദിൻറെ ഫോണിൽ നിന്ന് വിവരങ്ങൾ തേടാനാണ് പൊലീസിൻറെ തീരുമാനം. ആത്മഹത്യാസന്ദേശത്തിൽ പറയുന്ന ബിജെപി, ശിവസേന നേതാക്കളുടെ മൊഴിയും എടുക്കും. ആനന്ദ് ശബ്ദ സന്ദേശം അയച്ചവരുടേയും മൊഴിയെടുക്കും.ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ സന്ദേശത്തിൽ ആനന്ദ് ഉന്നയിച്ചിരുന്നത്. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാസന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ ആരോപിക്കുന്നു. അതേസമയം, ആനന്ദിൻറെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആനന്ദ് കെ തമ്പി തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡൻറായ ആലപ്പുറം ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിൻറെ നഗർ കാര്യവാഹ് രാജേഷ് എന്നിവരാണ് താൻ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കാരണമെന്നാണ് ആനന്ദ് ആത്മഹത്യാസന്ദേശത്തിൽ ആരോപിക്കുന്നത്. ഇവർ മണ്ണുമാഫിയയാണെന്നും അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിൽ ഒരാൾ വേണമെന്നും അതിനുവേണ്ടിയാണ് മണ്ണു മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ