ആനന്ദിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി, ആർഎസ്എസിനും ബിജെപിക്കും രൂക്ഷ വിമർശനം

Published : Nov 16, 2025, 12:14 PM IST
Sivankutty

Synopsis

അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബി ജെ പി / ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി. രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്‍റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർ എസ് എസിനെയും ബി ജെ പിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബി ജെ പി / ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നാണ് മന്ത്രി കുറിച്ചത്. ബി ജെ പിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ശിവൻകുട്ടിയുടെ കുറിപ്പ്

ബി ജെ പി/ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്‌. ബി ജെ പി/ആർ എസ് എസ് നേതാക്കളുടെ ലൈംഗിക പീഡനങ്ങളും, സാമ്പത്തിക തിരിമറികളും, മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്ത ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി തിരുവനന്തപുരത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്, ആർ എസ് എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടർന്നാണ്. ആത്മഹത്യക്ക് മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആർ എസ് എസ് നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ അന്തർധാര എത്രത്തോളം ജീർണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ വലിയ വിവാദമായിരുന്നു. ജില്ലാ ഫാം ടൂർ സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധിയിലായതാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തിയെന്നുമുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമർശം, ബി ജെ പി നേതൃത്വത്തിന്റെ പ്രവർത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ആർ എസ് എസ് പ്രവർത്തകനായ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിലും, പാർട്ടി നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളിലുമുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ, "ആർ എസ് എസുകാരനായി ജീവിച്ചുവെന്നതാണ് ജീവിതത്തിൽ പറ്റിയ വലിയ തെറ്റ്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിൽ എത്തിച്ചത്" എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് ഒരു സാധാരണ പ്രവർത്തകന്റെ മനഃസാക്ഷിയുടെ വിങ്ങലാണ്.

ബി ജെ പിക്കകത്തെ നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും, സാമ്പത്തിക തിരിമറികളും ഈ ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തിൽ ബി.ജെ.പി.യുടെ മുൻ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചതും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമാണെന്ന് തെളിയിക്കുന്നു.

ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയും

സ്വന്തം പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും, ലൈംഗികമായി പീഡിപ്പിക്കുകയും, അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന നേതൃത്വം കേരളത്തിലെ ജനങ്ങൾക്ക് ഒരു ഭീഷണിയാണ്. നിലവിലെ സാഹചര്യത്തിൽ ബി ജെ പിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ബി ജെ പിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ശിവൻകുട്ടി കുറിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു