ബഫർ സോണിൽ ഒഴിയാത്ത ആശങ്ക, 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ

By Web TeamFirst Published Aug 29, 2022, 9:50 AM IST
Highlights

ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു

തിരുവനന്തപുരം : ബഫർ സോണിൽ ഒഴിയാത്ത ആശങ്ക. 2019 ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു. എന്നാൽ, 2019 ലെ മന്ത്രിസഭാ തീരുമാനവും സർക്കാർ ഉത്തരവും റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. 

സർക്കാർ പോസിറ്റീവ് ആയി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ നിലവിലുള്ളത് പുതിയ ഉത്തരവാണെന്ന്  വനമന്ത്രി വിശദീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, 2019ലെ മന്ത്രി സഭാ തീരുമാനം 2020 ലെ മന്ത്രിതല യോഗത്തിൽ എങ്ങനെ തിരുത്താൻ ആകുമെന്ന ചോദ്യമുയർത്തി. ഇപ്പോഴും നിലനിൽക്കുന്നത് 2019 ലെ മന്ത്രിസഭാ യോഗശേഷമുള്ള ഉത്തരവാണ്. ബഫർ സോൺ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂർണ ഉത്തരവാദി സർക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 കൂടുതൽ വായനക്ക് നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ; 5 വയസുകാരനടക്കം മൂന്ന് മരണം; തിരച്ചിലിന് എൻഡിആർഎഫ് സ്ഥലത്തേക്ക്

എന്നാൽ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്രിയും തിരിച്ചടിച്ചു. മന്ത്രി സഭാ ഉത്തരവും സുപ്രീം കോടതി വിധിയും തമ്മിൽ ബന്ധമില്ല. കേരളത്തെ കേൾക്കാതെ ആയിരുന്നു സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി വിശദീകരിച്ചു. ബഫർ സോണിൽ എൽഡിഎഫിലെ ഘടകകക്ഷി കേരള കോൺഗ്രസ് അടക്കം ഉടക്കി നിൽക്കുമ്പോഴാണ് വീണ്ടും വിഷയം സഭയിൽ ചർച്ചയായത്. 

മന്ത്രിസഭാ തീരുമാനത്തേയും ഉത്തരവിനെയും തുടർന്നല്ല ബഫർസോണിൽ സുപ്രീം കോടതി ഉത്തരവ് ഉണ്ടായതെന്നാണ് നിയമമന്ത്രി പി രാജീവ് സഭയിൽ വിശദീകരിച്ചത്. സുപ്രീം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

 കൂടുതൽ വായനക്ക്  'പിണറായിയ്ക്ക് നാണമുണ്ടോ അമിത് ഷായെ വള്ളംകളിക്ക് വിളിക്കാൻ? അഭിമാന ബോധമില്ല': കെ സുധാകരൻ

click me!