Asianet News MalayalamAsianet News Malayalam

നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ; 5 വയസുകാരനടക്കം മൂന്ന് മരണം; തിരച്ചിലിന് എൻഡിആർഎഫ് സ്ഥലത്തേക്ക്

വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.

three dead bodies of a five members family found after landslide in kudayathoor thodupuzha Idukki
Author
First Published Aug 29, 2022, 9:03 AM IST

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായ രണ്ട് പേർക്കായി രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. മലയോര പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. മന്ത്രി ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തേക്ക് തിരിച്ചു. 

Kerala Rain: പരക്കെ മഴ,പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു

ഇന്നലെ രാത്രിയോടെ പ്രദേശത്ത്  ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ്  ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്.  ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘവുമെത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്.  

വടക്കൻ കേരളത്തിൽ മഴ ശക്തം, കണ്ണൂരും കോഴിക്കോടും മലപ്പുറത്തും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം

അതേ സമയം, പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്രയാത്ര നിരോധിക്കണോ എന്ന കാര്യത്തിൽ വൈകിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്ത് നെടുങ്കുന്നം പഞ്ചായത്തിൽ പാലം മുങ്ങി. തോടുകൾ വഴിമാറി ഒഴുകി വീടുകളിൽ വെള്ളം കയറി. കറുകച്ചാൽ,മണിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

Follow Us:
Download App:
  • android
  • ios