ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് ആവശ്യമില്ലെന്ന് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ

By Web TeamFirst Published Jun 21, 2021, 2:00 PM IST
Highlights

ലക്ഷദ്വീപിൽ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജിയിലാണ് കലക്ടർ മറുപടി നൽകിയത്. അതിന്‍റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്. 
 

കൊച്ചി: ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു. ദ്വീപിലാരും പട്ടിണികിടക്കുന്നില്ല. ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിനിടെ അഡ്മിനിസ്ട്രേഷന്‍റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ലക്ഷദ്വീപിൽ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജിയിലാണ് കലക്ടർ മറുപടി നൽകിയത്. അതിന്‍റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകൾ തുറന്നിരുപ്പുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നു മണിക്കൂർ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമമില്ല. മൽസ്യബന്ധനമടക്കമുളള തൊഴിലുകൾക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ലക്ഷദ്വീപ് നിവാസികളുടെ സമ്മതമില്ലാതെയുളള നിയമപരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് ലക്ഷദ്വീപ് ഫോറം കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കൊച്ചിയിൽ പ്രതിഷേധപരിപാടി എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ലക്ഷദ്വീപിന്‍റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയിൽ നിന്ന് കർണാടകത്തിലേക്ക് മാറ്റുന്നെന്ന വാർത്തകൾ ശരിയല്ലെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 

click me!