
കണ്ണൂർ : എം വി ബാബു മലപ്പട്ടം പഞ്ചായത്തിലെ എൽ ഡി ക്ലർക്കാണ്. എന്നാൽ ലോണും ഇൻഷുറൻസ് പ്രീമിയവും അടക്കാനും ദൈനംദിന ജീവിതച്ചെലവിന് പണം കണ്ടെത്താനും മറ്റ് പുറം പണികൾക്ക് പോകേണ്ട ദുരവസ്ഥയിലാണ് ബാബു അടക്കം മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ 13 ജീവനക്കാർ. കഴിഞ്ഞ മൂന്ന് മാസമായി ഈ ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടില്ല. കുറേ കാലമായി ഇത് തന്നെയാണ് അവസ്ഥയെന്ന് ജീവനക്കാർ പറയുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പഞ്ചായത്തിലെ ജോലി സമയം കഴിഞ്ഞും മറ്റ് പുറം പണികൾ കണ്ടെത്തി ചെയ്യുകയാണ് ജീവനക്കാർ. കാഴ്ച പരിമിതിയുള്ള ഒരു ജീവനക്കാരനും പഞ്ചായത്തിലുണ്ട്. അവർക്ക് മറ്റ് പണികൾക്കൊന്നും പോകാൻ കഴിയുന്നുമില്ല.
സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഫണ്ടും തനത് ഫണ്ടും ഉപയോഗിച്ചാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്. ഈ ഫണ്ടിൽ നിന്ന് തന്നെയാണ് കറണ്ട് ബില്ല്, ഫോൺ ബില്ല്, ഇൻറർനെറ്റ് ബില്ല് എന്നിവയും അടക്കേണ്ടത്. കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ഫീസുകൾ, വാടക തുടങ്ങിയവയിലൂടെയാണ് പഞ്ചായത്തിന് തനത് ഫണ്ട് കിട്ടുന്നത്. മലപ്പട്ടം പഞ്ചായത്തിൽ ജനസംഖ്യയും സ്ഥാപനങ്ങളും കുറവായതിനാൽ തനത് ഫണ്ടും കുറവായിരിക്കും. അതിനാലാണ് ശമ്പളം കൊടുക്കാൻ കഴിയാത്തത്. നിലവിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം കിട്ടിയിട്ടില്ല. വണ്ടിക്കൂലിക്ക് കൂടി ഗതിയില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ.
മാസങ്ങളോളം കുടിശ്ശിക ആയപ്പോൾ കഴിഞ്ഞ മാർച്ചിൽ സർക്കാർ 20 ലക്ഷം രൂപ ഗ്യാപ് ഫണ്ട് അനുവദിച്ചു. എന്നാൽ ഈ ഫണ്ടുകൊണ്ട് വേതനത്തിൻ്റെയും ഓണറേറിയത്തിൻ്റയും കുടിശ്ശിക തീർക്കാനേ കഴിഞ്ഞുള്ളൂ. 13 ൽ 12 സീറ്റുകളോടെ സി പി എം ഭരിക്കുന്ന പഞ്ചായത്താണിത്. മറ്റെല്ലാ പഞ്ചായത്തിലെയും സർക്കാർ ജീവനക്കാർ കൃത്യസമയത്ത് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുമ്പോഴാണ് മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാരുടെ ദുരവസ്ഥ. ശമ്പളവും ആനുകൂല്യവും കൃത്യസമയത്ത് നൽകാൻ സർക്കാർ എല്ലാ സാമ്പത്തിക വർഷവും മുൻകൂർ ഫണ്ട് ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.