
തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. അടുത്ത ജിഎസ്‍ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാകും.
വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകൾ തേടണമെന്ന് സിപിഎം സെക്രട്ടറിയേറ്റും നിർദ്ദേശിച്ചു. തുടർന്നാണ് ജിഎസ്‍ടി യോഗത്തിൽ നഷ്ടപരിഹാരവും വായ്പയുമായി ഏകദേശം 7000 കോടി രൂപ കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നത്.
വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ 500 കോടി രൂപ സംസ്ഥാനത്തിന് ഉടൻ കിട്ടും. കേന്ദ്രസർക്കാരിന്‍റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്‍റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നൽകും തുടങ്ങിയവയാണ് ജിഎസ്ടി കൗൺസിലിലെ തീരുമാനങ്ങള്‍. ഇതിന് പുറമേ ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ട്ം കേന്ദ്രം 6100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസർക്കാരിന്‍റെ ഗാരന്‍റിയോടെ ഈ തുക കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
ജിഎസ്ടി നടപ്പാക്കുന്നതിന് ഏർപ്പെടുത്തിയ സെസിൽ നിന്ന് ഈ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ല. ബാധ്യത പൂർണ്ണമായും കേന്ദ്രം ഏറ്റെടുക്കണമെന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ നിർദ്ദേശത്തിൽ തർക്കമായി. തുടർന്ന് 12ന് ചേരുന്ന ജിഎസ്ടിയിൽ തിരിച്ചടവിൽ അന്തിമതീരുമാനം എടുക്കാൻ തീരുമാനിച്ചു. ഈ പണം കിട്ടുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. ഇതോടെയാണ് സാലറി കട്ടിൽ നിന്ന പിന്നോട്ട് പോകാൻ ധനവകുപ്പ് തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam