തൊഴിലുറപ്പ് പദ്ധതിയില്‍ പ്രതിസന്ധി; സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികൾക്ക് അഞ്ച് മാസമായി കൂലിയില്ല

By Web TeamFirst Published Mar 30, 2019, 11:16 AM IST
Highlights

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലാണ്.  ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കൂലി നല്‍കാനുളളത്.

തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി മുടങ്ങിയിട്ട് അഞ്ച് മാസം. സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വേതന വിതരണം ഇത്രയും വൈകുന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലാണ്.  ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കൂലി നല്‍കാനുളളത്.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം. കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്. കൂലി വൈകുന്നതിന് കേന്ദ്രത്തെ പഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പലവട്ടം കത്തയച്ചെങ്കിലും മറുപടി നല്‍കാന്‍ പോലും കേന്ദ്രം തയ്യാറായില്ലെന്നാണ് വിമര്‍ശനം.

തൊഴിലെടുത്താല്‍ കൂലി ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ രീതിയില്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയാണ് രീതി. അവിധഗ്ധ തൊഴിലാളികളുടെ കൂലി കേന്ദ്ര സര്‍ക്കാരും വിധഗ്ധ തൊഴിലാഴികളുടെ കൂലിയും മെറ്റീരിയല്‍ കോസ്റ്റ് ഇനത്തിലുളള ചെലവും കേന്ദ്രവും സംസ്ഥാനവും സംയുക്തമായുമാണ് നല്‍കുന്നത്.

തൊഴിലുറപ്പ് നിയമം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ വേതനം നല്‍കണം. അല്ലാത്തപക്ഷം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നിയമം ഇങ്ങനെയിരിക്കെയാണ് ചെയ്ത ജോലിയുടെ കൂലിക്കായി സാധാരണ തൊഴിലാളികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.
 

click me!