Asianet News MalayalamAsianet News Malayalam

'ഓണക്കാലത്തെ അമിത നിരക്ക് ഈടാക്കി ചൂഷണം'; വിമാന കമ്പനികൾക്കെതിരെ കേന്ദ്രത്തിന് കത്ത് നൽകി വി ശിവദാസൻ എംപി

ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും വി ശിവദാസൻ എം പി ആരോപിക്കുന്നു.

V Sivadasan MP written letter to civil aviation ministry against airline companies over ticket overcharge
Author
First Published Sep 6, 2022, 10:31 AM IST

ദില്ലി: ഓണക്കാലത്ത് വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസൻ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു. മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി വിമാന കമ്പനികൾ ചൂഷണം നടത്തുന്നുണ്ട്. ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് പ്രൈസ് ബാൻഡ് ഏർപ്പെടുത്തണമെന്നും ശിവദാസൻ എം പി കത്തിൽ ആവശ്യപ്പെട്ടു.

എല്ലാ മലയാളികൾക്കും നാട്ടിലുള്ള ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം. ഈ സന്തോഷകരമായ അവസരത്തെ വിമാനക്കമ്പനികൾ  കൊള്ള ലാഭം ഉണ്ടാക്കാനുള്ള  അവസരമായി മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് ശിവദാസൻ എം പി പറഞ്ഞു. ഓണം എത്തിയതോടെ  തിരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനക്കമ്പനികൾ നിരക്ക് കൂട്ടുകയാണ്. ഇത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആഭ്യന്തര-അന്തർദേശീയ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാച്ചെലവ്  കുതിച്ചുയർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഓണത്തിന് ശേഷം വിദേശ യാത്രകൾക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.  ഓണക്കാലത്ത് വിമാന നിരക്ക് 8 മുതൽ 10 മടങ്ങ് വരെ കൂടുതലാണ്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള  ജീവനക്കാരുടെ തിരക്കും വിമാനക്കമ്പനികൾ വില വർധിപ്പിക്കാൻ ഉള്ള അവസരമായി ഉപയോഗിക്കുമെന്നതിനാൽ ഓണത്തിന്  ശേഷമുള്ള മടക്കയാത്രകളുടെ നിരക്കും  വളരെ ഉയർന്നതായിരിക്കുമെന്ന ആശങ്കയുണ്ട്. മറ്റ് ആഘോഷ വേളകളിലും സമാനമായ ചൂഷണം നടക്കുന്നുണ്ട്. ഈ അനീതി തടയേണ്ടതുണ്ട്. കൃത്യമായ കൂടിയാലോചനയ്ക്ക് ശേഷം, ടിക്കറ്റ് വിലയുടെ  പരിധി നിശ്ചയിച്ച്  ഒരു പ്രൈസ് ബാൻഡ് ഏർപെടുത്തുകയാണ് ഇതിന് പരിഹാരം. യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. എന്നാൽ മാത്രമേ, വിമാനയാത്ര ചെയ്ത്  വീട്ടിൽ എത്തേണ്ടി വരുന്ന  മലയാളികൾക്കും ഈ ഓണം സന്തോഷകരമാവൂ . ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് നൽകിയതെന്നും ശിവദാസൻ എം പി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios