
മലപ്പുറം: നിലമ്പൂർ വോട്ടെടുപ്പിന് ശേഷം വിഎസ് ജോയിക്ക് നന്ദി പറയാൻ മറന്നുവെന്ന പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് സൈബർ പോരാളികൾ. ഇന്നലെ വൈകിട്ട് പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോൾ നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചാണ് വിമർശനം. എന്നാൽ ആദ്യം ജോയിയുടെ പേര് പറയാൻ വിട്ടുപോയ ഷൗക്കത്ത് പിന്നീട് മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജോയിയെ വലിയ തോതിൽ പുകഴ്ത്തിയാണ് സംസാരിച്ചത്.
കെസി വേണുഗോപാൽ മുതൽ പി കെ ഫിറോസ് വരെയുള്ള യുഡിഎഫ് നേതാക്കൾക്ക് നന്ദി പറഞ്ഞായിരുന്നു ആര്യാടൻ ഷൗക്കത്ത് സംസാരിച്ചത്. ഡി സി സി പ്രസിഡന്റ് കൂടിയായ വി സ് ജോയിയെ വിട്ടു പോയത് മറ്റുള്ളവർ ഓർമ്മപ്പെടുത്തിയപ്പോളാണ് ഷൗക്കത്ത് ജോയിക്ക് നന്ദി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകത്തെ വിമർശനം. കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നാണ് ഷൗക്കത്തിനെതിരായ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. യാദൃശ്ചികമായി ജോയിയുടെ പേര് വിട്ടുപോയതാണെന്ന് പറഞ്ഞ് ഷൗക്കത്തിനെ അനുകൂലിച്ചും പ്രവർത്തകർ രംഗത്തുണ്ട്.
നിലമ്പൂർ സീറ്റിലേക്ക് വിഎസ് ജോയിയെ സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഷൗക്കത്തിനെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഇരു കൈയും നീട്ടി സ്വീകരിച്ച ജോയി, വൻ സ്വീകര്യതയാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ലഭിച്ചത്. ഷൗക്കത്തിന്റെ പ്രചാരണത്തിൽ ഉടനീളം മേൽനോട്ടം വഹിച്ച് ജോയിയും ഒപ്പമുണ്ടായിരുന്നു. സംഭവം വിവാദമാക്കേണ്ടന്നും അബദ്ധത്തിൽ ജോയിയുടെ പേരു വിട്ടു പോയതാണെന്നുമാണ് ഷൗക്കത്ത് ക്യാമ്പിന്റെ വിശദീകരണം.