
കൊല്ലം: എൻസിപിയുടെ മുന്നണി മാറ്റ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചില വ്യക്തികളുടെ രാഷ്ട്രീയ മാറ്റവുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ സീറ്റ് വിവാദത്തിൽ പിണങ്ങി എൻസിപി ഇടതുമുന്നണി വിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പാർട്ടി ഇടതുമുന്നണി വിടുന്നതിനോട് എൻസിപി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പാലാ എംഎൽഎ മാണി സി കാപ്പൻ മാത്രം മുന്നണി വിടാനാണ് സാധ്യത. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പാലാ സീറ്റിൽ ആരംഭിച്ച തർക്കം എൻസിപിയുടെ മുന്നണി മാറ്റം വരെ എത്തിനിൽക്കുമ്പോഴും ഈ വിഷയത്തിൽ ദേശീയ നേതൃത്വം കടുത്ത ആശയകുഴപ്പത്തിലാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
പാലാ സീറ്റ് എൻസിപിക്ക് നൽകാനാവില്ലെന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ ഉണ്ടായത്. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ സ്വീകരിച്ചത്.
പാലാ സീറ്റിൽ മാത്രമേ തർക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടതോട് ചേർന്നു നിൽക്കുന്ന ശശീന്ദ്രൻ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാർട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടർ ഭരണ സാധ്യതയടക്കം ഇത്തവണ നിലനിൽക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രൻ വാദിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സീറ്റിന്റെ പേരിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam