മധു കൊലക്കേസ്: 'ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയില്ല, പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് പറഞ്ഞത്'

By Web TeamFirst Published Aug 21, 2022, 11:32 AM IST
Highlights

ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ്  നൽകിയത്. ജാമ്യം റദ്ദാക്കിയതിനെതിരെ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകുമെന്നും അഡ്വ. അനിൽ കെ.മുഹമ്മദ്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ. വിചാരണ കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല പ്രസ്താവനയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ: അനിൽ കെ.മുഹമ്മദ് പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നാണ് വാദിച്ചത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ്  നൽകിയത്.  ജാമ്യം റദ്ദാക്കിയതിനെതിരെ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകുമെന്നും അഡ്വ. അനിൽ കെ.മുഹമ്മദ് വ്യക്തമാക്കി. 

'പ്രതിഭാഗത്തിന്റെത് കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്ത പരാമർശം; തുടർ നടപടികൾ തീരുമാനിക്കേണ്ടത് കോടതി'

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുട‍ര്‍ന്ന് കേസിലെ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിൽ പ്രതിഭാഗം അഭിഭാഷകൻ നടത്തിയ പരാമര്‍ശങ്ങൾ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായാണ് കോടതി വിധിന്യായത്തിൽ ഉൾപ്പെടുത്തിയത്. ജഡ്ജിയുടെ പടം ഉൾപ്പെടെ വാർത്തകൾ വരുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പരാമർശമുണ്ടായിരുന്നു. പിന്നാലെ, പ്രതിഭാഗം അഭിഭാഷകൻ ഉപയോഗിച്ച ഭീഷണിയുടെ സ്വരം കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും രംഗത്തെത്തി. ഇത് ബോധ്യപ്പെട്ടതു കൊണ്ടാകാം ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിൽ മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഇക്കാര്യം പരാമർശിച്ചതെന്ന് രാജേഷ് എം.മേനോൻ പറഞ്ഞിരുന്നു. തുടർന്നാണ് പ്രതിഭാഗം അഭിഭാഷകൻ വിശദീകരണവുമായി രംഗത്തെത്തിയത്. 

അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, സാക്ഷികളെ സ്വാധീനിച്ചെന്ന വാദം അംഗീകരിച്ച് കോടതി

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിനുള്ള നടപടികൾ ഉടനുണ്ടാകും.

'അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്'; മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാന് ഉപാധികളോടെ ജാമ്യം

click me!