Asianet News MalayalamAsianet News Malayalam

'അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്'; മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാന് ഉപാധികളോടെ ജാമ്യം

മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ മണ്ണാർക്കാട്  കോടതി എസ്‍സി-എസ്‍ടി കോടതി തള്ളിയിരുന്നു

Attappadi Madhu case, Bail granted to Shifan
Author
Palakkad, First Published Aug 20, 2022, 1:55 PM IST

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന് ജാമ്യം. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ഷിഫാന് കോടതി ജാമ്യം നൽകിയത്.  മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുൻപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും  കോടതി വ്യക്തമാക്കിയിരുന്നു.

കേസിൽ നിന്ന് പിന്മാറാൻ  മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ്  ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ  പൊലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഷിഫാന്രെ താമസസ്ഥലത്ത് നടത്തിയ റെയ‍്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ചതായിരുന്നോ പണം എന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു.

അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, സാക്ഷികളെ സ്വാധീനിച്ചെന്ന വാദം അംഗീകരിച്ച് കോടതി

 

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

സന്തോഷമെന്ന് മധുവിന്റെ അമ്മ, കൂറുമാറ്റത്തിന് പിന്നിലെ കാരണം ബോധ്യപ്പെടുത്താനായെന്ന് പ്രോസിക്യൂട്ടർ

 

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. വിധിയിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പ്രതികരിച്ചു. ദൈവത്തെ വിശ്വസിക്കുന്നു. ഇന്നും അന്നും...മധുവിന്റെ അമ്മ പ്രതികരിച്ചു. സാക്ഷികൾ തുടർച്ചയായി കൂറു മാറുമ്പോൾ നെഞ്ചിൽ തീയായിരുന്നുവെന്നും മല്ലി പറഞ്ഞു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരസു വ്യക്തമാക്കി.

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താനായി. 

Follow Us:
Download App:
  • android
  • ios