Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, സാക്ഷികളെ സ്വാധീനിച്ചെന്ന വാദം അംഗീകരിച്ച് കോടതി

ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Attappadi Madhu case, Bail cancelled
Author
Palakkad, First Published Aug 20, 2022, 11:45 AM IST

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

പ്രതികൾ ഹൈക്കോടതി നി‍ർദേശിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. 
പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്ന് പുറത്തുവന്ന ഫോൺ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു. 

തുടർ കൂറുമാറ്റങ്ങൾക്കിടെ ജൂലൈ 16ന് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി ചെയർമാനായുള്ള കമ്മിറ്റി ഉത്തരവിട്ടിരുന്നെങ്കിലും കൂറുമാറ്റം തടയാനായിരുന്നില്ല. രഹസ്യമൊഴി നൽകിയവരും, പൊലീസിന് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയവരും കോടതിയിൽ കൂറുമാറി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ പതിമൂന്ന് പേരാണ് കൂറുമാറിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർജി പരിഗണിക്കുന്ന സാഹചര്യത്തിൽ മധു കൊലക്കേസിലെ വിചാരണ നടപടികൾ കോടതി നിർത്തി വച്ചിരുന്നു. ഈ മാസം 31ന് അകം വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിനായി പ്രതിദിനം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. 

സന്തോഷമെന്ന് മധുവിന്റെ അമ്മ, കൂറുമാറ്റത്തിന് പിന്നിലെ കാരണം ബോധ്യപ്പെടുത്താനായെന്ന് പ്രോസിക്യൂട്ടർ

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. വിധിയിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പ്രതികരിച്ചു. ദൈവത്തെ വിശ്വസിക്കുന്നു. ഇന്നും അന്നും...മധുവിന്റെ അമ്മ പ്രതികരിച്ചു.

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താനായി. 

Follow Us:
Download App:
  • android
  • ios