
കോഴിക്കോട്: മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് (Kozhikode - Wayanad Tunnel Road) സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങി. 2200കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.. ഇടതുസർക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്ന്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കളളാടിയിലെത്തുന്നതാണ് നിർദ്ദിഷ്ട തുരങ്കപാത. തുരങ്കം തുടങ്ങുന്ന തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടർ ഭൂമിയും തുരങ്കമവസാനിക്കുന്ന മേപ്പാടി, കോട്ടപ്പടി , വില്ലേജുകളിലെ 4.82 ഹെക്ടർഭൂമിയുമാണ് ഏറ്റെടുക്കുക. മറിപ്പുഴയിൽ പാലം, നാലുവരി അപ്രോച്ച് റോഡ് എന്നിവ നിർമ്മിക്കാനാണ് സ്ഥലമേറ്റെടുക്കൽ. കോഴിക്കോട്- വയനാട് ജില്ല കളക്ടർമാർക്കാണ് സ്ഥലമേറ്റെടുക്കൽ ചുമതല.
കഴിഞ്ഞ സർക്കാർ 685 കോടിരൂപയാണ് പദ്ധതിക്കായി കഴിഞ്ഞ സർക്കാർ വകയിരുത്തിയിരുന്നത്. ഈ വർഷമാദ്യം ഡിപിആർ സമർപ്പിച്ച കൊങ്കൺ റെയിൽവെ , ഇതിന്‍റെ മുന്നിരട്ടിയെങ്കിലും പദ്ധതിക്കായി വേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിക്കായി വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ലെങ്കിലും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി വേണം. നിർമ്മാണ ചുമതലയുളള കൊങ്കൺറെയിൽവെ തന്നെ ഇതിനായുളള നടപടികൾ പൂർത്തിയാക്കുമെന്നാണ് ധാരണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam