
ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പരാതിക്കുട്ടപ്പൻ വീണ്ടും പിടിയിൽ. ജയിലിൽ നിന്നു ഇറങ്ങി മോഷണത്തിൽ സജീവമാകുന്നതിനിടയിലാണ് കുട്ടപ്പനെ ആലപ്പുഴ കുറത്തികാട് പൊലീസ് അതി സാഹസികമായി പിടികൂടിയത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയാണ് 57കാരനായ മധു. പരാതികുട്ടപ്പനെന്നാണ് ഈ കുപ്രസിദ്ധ മോഷ്ടാവ് അറിയപ്പെടുന്നത്.
മോഷണക്കേസിൽ അറസ്റ്റിലായി കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം മധു ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയും. ആഹാരം കൊള്ളില്ല, കൊതുക് ശല്യം കൂടുതലാണ്, ആവശ്യത്തിന് സൗകര്യങ്ങളില്ല അങ്ങനെ നീളും പരാതികൾ. കോടതിയിൽ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്. തെക്കൻ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുപ്പതിലധികം കേസുകളുണ്ട്. പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. മോഷണക്കേസിൽ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.
കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കടകളിൽ വ്യാപകമായി മോഷണം നടന്നു. മുൻവാതിൽ കുത്തിതുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചു. സിസിടിവി ക്യാമറയുടെ ഹാർഡിസ്ക് വരെ മോഷണം പോയി. മോഷണ രീതി മുൻനിർത്തിയുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പകൽ സമയങ്ങളിൽ നീണ്ടകര ഹാർബറിൽ തങ്ങി രാത്രി കാലങ്ങളിൽ ബസ്സിൽ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി സൈക്കിളിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയത്. നീണ്ടകര ഹാർബർ പരിസരത്ത് വച്ച് പൊലീസിനെ കണ്ട് കടലിൽ ചാടിയ പ്രതിയെ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് അതി സാഹസികമായാണ് കീഴടക്കിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam