'ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയത് പറഞ്ഞും പക വീട്ടി', സാജന്‍റെ ഭാര്യ പറയുന്നു

Published : Jun 22, 2019, 12:11 PM ISTUpdated : Jun 22, 2019, 01:26 PM IST
'ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയത് പറഞ്ഞും പക വീട്ടി', സാജന്‍റെ ഭാര്യ പറയുന്നു

Synopsis

'പല തവണ പെർമിറ്റ് കിട്ടാതായപ്പോൾ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു', ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന പറയുന്നു. 

കണ്ണൂർ: ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കുടുംബം വീണ്ടും രംഗത്ത്. പ്രശ്നത്തിൽ പി ജയരാജൻ ഇടപെട്ടതിൽ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞു പോലും അപമാനിച്ച് സംസാരിച്ചു. 'ഞാനീ കസേരയിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് പെർമിറ്റ് കിട്ടില്ലെ'ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'പല തവണ പെർമിറ്റ് കിട്ടാതായപ്പോൾ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാൽ അവർക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദ്രോഹിക്കുമെന്ന് സാജേട്ടൻ പറഞ്ഞു', ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന പറയുന്നു. 

''പെർമിറ്റ് തരാതായപ്പോൾ എന്‍റെ അച്ഛൻ പോയി ഇവരെ കണ്ടു. വയസ്സായ എന്‍റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാൻ എന്നാണ് ചോദിച്ചത്'', ബീന പറയുന്നു.

സമവായം തേടി സിപിഎം നേതൃത്വം സാജന്‍റെ ഭാര്യ ബീനയെയും കുടുംബാംഗങ്ങളെയും കണ്ടിരുന്നു. ശ്യാമളക്കെതിരായ ആരോപണങ്ങളെല്ലാം പാർട്ടി നേതൃത്വത്തോട് പറഞ്ഞു. ശ്യാമളക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് നേതാക്കൾ പോയതെന്നും ബീന പറഞ്ഞു. 

പ്രശ്നത്തിൽ തലശ്ശേരി ധർമശാലയിൽ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് സിപിഎം നടത്താനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്തു വരുന്നത്. പി കെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും.

അതേസമയം പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് തുടർ നടപടികളുണ്ടാകും. പൊലീസ് ഇന്നലെ ബീനയുടെ മൊഴിയെടുത്തിരുന്നു. കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തിയ വിജിലൻസ് ടൗൺ പ്ലാനിംഗ് വിഭാഗം ശനിയാഴ്ച റിപ്പോർട്ട് നൽകിയേക്കും. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്