
ദില്ലി: ഫോർട്ടുകൊച്ചി നമ്പര്‍ 18 (Number 18 Hotel) ഹോട്ടലിലെ പോക്സോ കേസിൽ (POCSO Case) പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയിൽ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്. ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.
നമ്പർ 18 പോക്സോ കേസ്, അഞ്ജലിക്ക് മുൻകൂർ ജാമ്യം, രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നു.
പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട ഹൈക്കോടതി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുളളവ പരിശോധിച്ചു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam