
ദില്ലി: ഓണക്കാലം അടുക്കുന്തോറും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനുള്ള മലയാളികളുടെ ചിലവും വർധിക്കുകയാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ബസിലെത്താമെന്ന് വിചാരിച്ചാൽ ടിക്കറ്റ് വില കണ്ട് പലരും ആഗ്രഹം പോലും ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിൻ എന്നതാണ് പരിഹാരമാർഗം. ഇതിനായി ആദ്യം മുതലെ മന്ത്രിമാർ അടക്കമുള്ളവർ നീക്കം നടത്തുകയാണ്. എന്നാൽ ഇതുവരെയും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനിടയിലാണ് നിർണായക നീക്കവുമായി സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് രംഗത്തെത്തിയിരിക്കുന്നത്.
ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. ബംഗളൂരു , ചെന്നൈ , ദില്ലി , കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന ആവശ്യമാണ് കെ വി തോമസ് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക തീവണ്ടികൾ വേണമെന്ന ആവശ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മന്ത്രി വി അബ്‌ദുറഹിമാനടക്കമുള്ളവരും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്ന ആവശ്യമാണ് മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ കത്തിൽ ഉന്നയിച്ചത്. ഓണക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്നും കേരളത്തിന്‍റെ റെയിൽവേ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam