
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഡോക്ടർമാരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. രണ്ട് ദിവസത്തിനകം ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റിന് പൊലീസ് നിർദേശം നൽകി.
ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. മൂന്ന് ഡോക്‌ടർമാരുടേയും ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറയുന്നു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. സംഭവത്തിൽ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്ടറായ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam