കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്, ഒരാള്‍ കൂടി പിടിയില്‍, ഇനി പിടിയിലാകാനുള്ളത് 3 പേര്‍

By Web TeamFirst Published Oct 2, 2022, 4:09 PM IST
Highlights

നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് പിടിയിലായത്. ഇയാളെ പന്നിയോട്  നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതിയായ  ഒരു കെ എസ് ആര്‍ ടി സി ജീവനക്കാരൻ കൂടി പിടിയിൽ. നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാറാണ് ഇന്ന് പിടിയിലായത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ പിടിയിലായ അജികുമാർ.  ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് പ്രതിചേർത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് ഇയാളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

കൂട്ടുപ്രതികൾക്ക് ഒപ്പം കഴിഞ്ഞ 12 ദിവസമായി അജിയും ഒളിവിലായിരുന്നു. സംഭവം നടന്ന് ഇത്രയും നാൾ പ്രതികളെ തൊടാതിരുന്ന പൊലീസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് തുടങ്ങിയത്. രണ്ടാം പ്രതി സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ഇയാളുടെ ശമ്പ്ദ സാമ്പിള്‍ എടുക്കേണ്ടതുണ്ട്. 

അഞ്ച് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തടക്കം ചെന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പ്രതികളെ ജീവനക്കാരുടെ സംഘടന തന്നെ സംരക്ഷിക്കുകയാണെന്നും സൂചനയുണ്ട്. 

click me!