
പാലക്കാട്: തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്ന് തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിൻ്റെ പിടിയിലായത്. സ്ഫോടക ശേഖരം കൊണ്ടുവന്നത് ആർക്കുവേണ്ടി എന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
കർണാടക - തമിഴ്നാട് അതിർത്തിയിലെ ധർമപുരി ജില്ലയിലെ ഹരൂരിൽ നിന്നാണ് കേരള അതിർത്തിയിലേക്ക് സ്ഫോടകശേഖരവുമായി മിനി ലോറി എത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച പെട്ടികൾ അടുക്കിവെച്ച് അതിന് മുകളിൽ പഴങ്ങളോ പച്ചക്കറികളോ കയറ്റി ഒളിപ്പിക്കുകയായിരുന്നു. അതിർത്തി കടക്കും മുൻപ് ഒന്നിൽ കൂടുതൽ ഡ്രൈവർമാർ മാറി മാറിയാണ് വാഹനം ഓടിച്ചിരുന്നത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന നിർദേശാനുസരണം ഡ്രൈവർമാർ ഒഴിഞ്ഞ സ്ഥലത്തു വാഹനം പാർക്ക് ചെയ്ത് താക്കോൽ വാഹനത്തിൽ വെച്ചു മടങ്ങും. അവിടെ നിന്നും മറ്റൊരു ഡ്രൈവർ കയറും. പൊലീസ് പിടിച്ചാലും സ്ഫോടക വസ്തുക്കൾ എവിടെ നിന്നു കൊണ്ടുവരുന്നുവെന്നൊ എവിടേക്കു കൊണ്ടു പോകുന്നെന്നോ ഡ്രൈവർമാരിൽ നിന്ന് അറിയാതിരിക്കാനാണിത്.
ഡ്രൈവർമാരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ അകമ്പടിയായി കാറും പിന്നാലെ വരും. ധർമപുരിയിൽ നിന്നു പുറപ്പെട്ട ലോറി ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിർത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലുള്ള സെന്തിൽ കുമാർ കോയമ്പത്തൂരിൽ നിന്നാണു കയറിയത്. പാലക്കാട് തൃശൂർ അതിർത്തിയിൽ നിർത്തിയിടാനായിരുന്നു സെന്തിൽകുമാറിന് ലഭിച്ചിരുന്ന നിർദേശം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറി ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ഡ്രൈവർ സെന്തിൽകുമാറിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അകമ്പടിയായി വന്ന കാർ ഡ്രൈവർ ദുരൈരാജും വലയിലായത്.
100ലധികം പെട്ടികളിലായി പതിനെണ്ണായിരം ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. അതേസമയം, സ്ഫോടക വസ്തുക്കൾ എവിടേക്കാണെന്നോ ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നോ പൊലീസിന് വ്യക്തതയില്ല. ഇതിനായി റിമാൻഡിലായിരുന്ന മിനിലോറി ഡ്രൈവർ സെന്തിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പിടിയിലായ ദുരൈരാജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കായുള്ള കസ്റ്റഡി അപേക്ഷയും അടുത്ത ദിവസം നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam