കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ച സർക്കാർ ഉത്തരവിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയും അദ്ദേഹത്തിന് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആരോപണം ശക്തമാവുകയും ചെയ്തു.

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. കോടതിയെ അവഹേളിക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കടകംപള്ളി മനോജാണ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ സർക്കാർ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഐ.എൻ.ടി.യു.സിയെ അദ്ദേഹം 'പിണറായി ഐ.എൻ.ടി.യു.സി' ആക്കി മാറ്റിയിരിക്കുകയാണെന്നും കെ.പി. ഹരിദാസ് പറഞ്ഞു.

പിണറായി സർക്കാരും ആർ. ചന്ദ്രശേഖരനും തമ്മിൽ രാഷ്ട്രീയ ഒത്തുകളി നടക്കുന്നെന്ന ആരോപണമാണ് കെ.പി. ഹരിദാസ് ഉയർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയന് അനുകൂലമായി ഐ.എൻ.ടി.യു.സിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചതിനുള്ള പ്രത്യുപകാരമായാണ് ചന്ദ്രശേഖരനെതിരെയുള്ള പ്രോസിക്യൂഷൻ അനുമതി നൽകാതെ പിണറായി സർക്കാർ നീട്ടിക്കൊണ്ടുപോയത്. പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഒരു സമരം പോലും പ്രഖ്യാപിക്കാൻ ചന്ദ്രശേഖരൻ തയ്യാറായിട്ടില്ല. ഈ സംരക്ഷണമാണ് സർക്കാരിൽ നിന്ന് അദ്ദേഹം തിരിച്ചു കൈപ്പറ്റുന്നത്. ചന്ദ്രശേഖരന്റെ ഈ നിലപാടുകൾ കാരണം കോൺഗ്രസ് പാർട്ടിക്ക് ഐ.എൻ.ടി.യു.സി കൊണ്ട് യാതൊരുവിധ ഗുണവും ലഭിക്കുന്നില്ലെന്നും കെ.പി. ഹരിദാസ് തുറന്നടിച്ചു.