
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സമ്പൂർണനിരോധനം വരുന്നു. പുനരുപയോഗമില്ലാത്ത എല്ലാ പ്ലാസ്റ്റിക് ഉൽപ്പനങ്ങളും നിരോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി ഒന്നു മുതലാണ് നിരോധനം നിലവിൽ വരുക.
300 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, പാത്രം,സ്പൂണ്‍, സ്ട്രോ, ഗാർബേജ് ബാഗുകള്‍ എന്നിവയെല്ലാം നിരോധിക്കും. അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിരോധിത സാധനങ്ങളുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും പാടില്ല.
നിരോധനം ലംഘിച്ചാൽ ആദ്യ ഘട്ട പിഴ 10,000 രൂപയായിരിക്കും. നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. എന്നാൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മിൽമ, ബിവറേജസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങള്‍ക്ക് ചില ഇളവുകള്‍ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ വരുത്താനുള്ള ചുമതല. നിലവിൽ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam