
കൊച്ചി: നൂറ്റാണ്ട് കണ്ട മഹാമാരിയിൽ നിന്നും എല്ലാം തകര്‍ത്തെറിഞ്ഞ പ്രളയത്തിൽ നിന്നും അതിശയകരമായി അതിജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ. കൃഷി മുതൽ ജീവിതത്തിന്‍റെ ഭാഗമായിരുന്ന കൈത്തറി വ്യവസായം വരെ ആളും അര്‍ത്ഥവും എല്ലാം ഒലിച്ച് പോയവരാണ് ഇവിടത്തുകാര്‍. ഏഴ് പഞ്ചായത്തുകൾക്ക് മുകളിലൂടെ പെരിയാറും ചാലക്കുടിപ്പുഴയുമെല്ലാം കുത്തിയൊഴുകി വന്നപ്പോൾ അവശേഷിച്ചവരാരും ജീവൻ പോലും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചവരേ അല്ല.
വീടും വീട്ടുപകരണങ്ങളുമെല്ലാം പ്രളയമെടുത്തവര്‍ മെല്ലെ മെല്ലെ ജീവിതാവസ്ഥകളിലേക്ക് തിരിച്ചെത്തുകയാണ്. കഞ്ഞിക്കലം വരെ വീണ്ടും കണ്ടെത്തേണ്ടി വന്നെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. പലര്‍ക്കും ഇപ്പോഴും താമസയോഗ്യമായ വീടുപോലും ആയിട്ടില്ല.
കുത്തിയതോട് സെന്‍റ് സേവിയേഴ്സ് പള്ളി ദുരന്തസ്മാരകമായി ഇപ്പോഴുമുണ്ട്. നാട്ടുകാര്‍ കൂട്ടത്തോടെ അഭയം തേടിയ പള്ളിമേട പ്രളയം തുടങ്ങി മൂന്നാം നാളാണ് തകര്‍ന്ന് വീണത്. ആറ് പേര്‍ പ്രളയകുത്തൊഴുക്കിൽ ഒലിച്ച് പോയതിന്‍റെ ഞെട്ടൽ ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല.
നാടിന്‍റെ നട്ടെല്ലായിരുന്ന കൈത്തറി വ്യവസായത്തെയും പ്രളയം തകര്‍ത്തെറിഞ്ഞു. 273 കൈത്തറി യൂണിറ്റുകളാണ് പ്രളയമെടുത്തത്. ചേറിൽ പുതഞ്ഞ് പോയ ചേന്ദമംഗലത്തെ കൈത്തറി വ്യവസായത്തിന് കൈത്താങ്ങാകാൻ ചേക്കുട്ടിപ്പാവകൾ ഉണ്ടായി. ചേക്കുട്ടി പാവകളെ പിൻപറ്റിയാണ് ഇപ്പോൾ ഈ മേഖലയിലെ ജീവിതം വീണ്ടും നടന്ന് തുടങ്ങുന്നത്.
പ്രളയത്തിൽ നിന്ന് കയകയറാൻ ഒരു പ്രദേശമാകെ പെടാപ്പാട് പെടുന്നതിന്‍റെ കാഴ്ചയാണ് ഇപ്പോൾ വടക്കൻ പറവൂരിൽ കാണാൻ കഴിയുന്നത്. ജീവിച്ച് തുടങ്ങാമെന്ന ശുഭാപ്തി വിശ്വാസം മാത്രമാണ് അതിന് കൈമുതൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam