
കല്‍പ്പറ്റ: കേരളത്തിന്‍റെ നെഞ്ചുലച്ച വയനാട് മഹാദുരന്തത്തിന് ഈ മാസം 30ന് ഒരു വർഷമാകുന്നു. 2024 ജൂലൈ 30ന് തിങ്കളാഴ്ച വെള്ളരിമലയുടെ തലപ്പത്ത് നിന്ന് ആർത്തലച്ചു വന്നൊരു ഉരുൾ ഒരുകൂട്ടം മനുഷ്യരുടെ പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയുമെല്ലാം കവർന്നെടുത്തും. ചൂരൽമലയിലെയും മുണ്ടക്കെയിലേയും ബാക്കിയായ മനുഷ്യർ നിസ്സഹായരായി ഇരുട്ടിലേക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ടും ഒരാണ്ടാകുന്നു.
അവർക്ക് വെളിച്ചമാകേണ്ട, ധൈര്യം നൽകേണ്ട അധികാരികൾ ഇത്ര നിസംഗതയോടെ നോക്കി നിന്ന മറ്റൊരു ഇടവും ചരിത്രത്തിൽ പോലും വേറെ കാണില്ല. ആ ഹതഭാഗ്യരായ മനുഷ്യർ ഇപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ്. അവർക്ക് സ്വന്തമായി ഒരു കിടപ്പാടം ഇനിയെന്നാണ്? അവരുടെ തുടർചികിത്സകൾ ഇനി എങ്ങനെയാണ്? ഉപജീവനമാർഗ്ഗം ഇല്ലാതായവർ എങ്ങനെ മുന്നോട്ട് പോകും? ഇനിയെത്ര കാലം ഈ മനുഷ്യരെ നമ്മൾ ഈ പെരുമഴത്ത് തന്നെ നിർത്തും? ദുരന്തം ഒരു വര്‍ഷമാകുമ്പോഴും ഇങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാവുകയാണ്. ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ആ മനുഷ്യരുടെ ഇടയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വാർത്തായാത്ര നടത്തുകയാണ്, 'ഉള്ളുലഞ്ഞ് ഒരാണ്ട്' .
ചൂരല്‍മലയെയും മുണ്ടക്കൈയെയും പുഞ്ചിരിമട്ടത്തെയും പേരില്‍ മാത്രം ബാക്കിയാക്കിയ മഹാദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മരണത്തെ അതിജീവിച്ചവരെല്ലാം ജില്ലയിലെ വിവിധയിടങ്ങളിലായി വാടക വീടുകളിലാണ്. ചൂരല്‍മലയില്‍ നിന്ന് 20 കിലോമീറ്ററോളം മാറി ചൂണ്ടേൽ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ കൈവശമുളള തേയിലതോട്ടത്തോട് ചേര്‍ന്നുളള വീട്ടിലിരുന്നാണ് യൂനുസും കുടുംബവും ആ രാത്രി വീണ്ടും ഓര്‍ത്തെടുത്തത്.
ശബ്ദം കേട്ട മകനാണ് ഓടിവരാൻ വിളിച്ചുപറഞ്ഞതെന്നും വല്ലാത്തൊരു രാത്രിയായിരുന്നുവെന്നും യൂനുസിന്‍റെ പിതാവ് മൊയ്തീൻ പറഞ്ഞു.ജീവനും വീടും മാത്രം ബാക്കിയാക്കിയ ഉരുളില്‍ ഇവര്‍ക്ക് കുടുംബത്തിലെ 22 പേരെയാണ് നഷ്ടമായത്. ആ ദുരന്ത മുഖത്ത് വാവിട്ട് കരഞ്ഞ് യൂനുസ് പറഞ്ഞ വാക്കുകളായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായതും, കുടുംബത്തിന്‍റെ സകലവരുമാന സ്രോതസുകളും വീട്ടിലേക്കുളള വഴിയുമെല്ലാം ദുരന്തത്തില്‍ ഇല്ലാതായി. പക്ഷേ ഈ കുടുംബം ദുരിബാധിതരുടെ പട്ടികയിലില്ല. അടിയുറച്ച ഇടതുപക്ഷ കുടുംബമാണ് യൂനുസിന്‍റേത്. പിതാവ് മൊയ്തീന്‍ 60 വര്‍ഷത്തോളമായി സിപിഐ പ്രവര്‍ത്തകന്‍. പിതാവിന്‍റെ രാഷ്ട്രീയം പകര്‍ന്ന് കിട്ടിയ യൂനുസും ചൂരല്‍മലയിലെ സിപിഐയുടെ പ്രധാന പ്രവര്‍ത്തകനാണ്.
ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്നവർ, ദുരന്ത ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടയാളപ്പെടുത്തിയ നോ ഗോ സോൺ എന്ന ദുരന്ത മേഖലയിൽ ഉൾപ്പെട്ടവർ ഇവർ മാത്രമാണ് നിലവിൽ പട്ടികയിൽ ഉള്ളത്. ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടാതെ പോയ നിരവധി കുടുംബങ്ങൾ പടവെട്ടിക്കുന്നിലും പുഞ്ചിരി മട്ടത്തുമെല്ലാമുണ്ട്.
സർക്കാർ ഭാഷ്യം അനുസരിച്ച് ഇവർ ദുരിതബാധിതർ അല്ലെങ്കിലും ഇവർക്കെല്ലാം മാറി താമസിക്കാൻ സർക്കാർ വാടക നൽകുന്നു, സ്വന്തം വീടുകളിലേക്ക് ഒന്നു പോകാനാകട്ടെ ഇവർക്ക് പലപ്പോഴും അനുമതിയും ഇല്ല. ചൂരൽ മലയിൽ യൂനിസിനൊപ്പം എത്തിയ ഞങ്ങൾക്ക് ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. മഴ പെയ്യുന്നതിനാലും ആളുകള്‍ ഒഴിഞ്ഞുപോയ ശേഷം കാട്ടാനകള്‍ ഇറങ്ങുന്നതിനാലും അവിടേക്ക് പോകാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥരുടെ മറുപടി.