കനത്ത മഴയിൽ വ്യാപക നാശം; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിൽ, മരം വീണ് വീടുകൾ തകര്‍ന്നു, താമരശേരി ചുരത്തിൽ ഗതാഗത തടസം

Published : Jul 27, 2025, 07:11 AM ISTUpdated : Jul 27, 2025, 09:00 AM IST
Rain havoc

Synopsis

കോഴിക്കോട് കുറ്റ്യാടിയിൽ അര്‍ധരാത്രി  വീടിന് മുകളിൽ തെങ്ങ് വീണു. കുട്ടികളടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്

കോഴിക്കോട്: കനത്ത മഴയിൽ മലയോര മേഖലയിലടക്കം വിവിധ ജില്ലകളിൽ വ്യാപക നാശം. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.ഒൻപതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. 

നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോട് വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്.

കോഴിക്കോടും മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ചില നിയന്ത്രണങ്ങൾ കൂടി ഉണ്ട്.

ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചു. ജില്ലയിലെ ഖനനപ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം. പാലക്കാട് നെല്ലിയാമ്പതിയിൽ തത്കാലം വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. എറണാകുളം ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു.

മണ്ണിടിച്ചിലിൽ എറണാകുളം എടത്തലയിലെ ലൈജുവിന്‍റെ വീട് ഭാഗികമായി തകര്‍ന്നു.കണ്ണൂർ ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറി. പഴശ്ശി ഡാമിന്‍റെതാഴെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇരിക്കൂർ പടയങ്കോട് അംഗനവാടി വെള്ളത്തിൽ മുങ്ങി.

അട്ടപാടിയിൽ വൈദ്യുതി പോസ്റ്റുകളടക്കം തകര്‍ന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. രാത്രി കനത്ത കാറ്റും മഴയുമുണ്ടായിരുന്നു.മലപ്പുറത്ത് രാവിലെ മുതൽ മഴ ശക്തമാണ്. തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്.

പാലക്കാട് വീടിനു മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്കേറ്റു. ചന്ദ്രനഗർ കുപ്പിയോട് കനാൽവരമ്പിലാണ് സംഭവം പ്രദേശവാസിയായ സരോജനിയ്ക്കാണ് പരിക്കേറ്റ്. അപകടത്തിൽ സരോജിനിയുടെ കൊച്ചുമകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കോഴിക്കോട് മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞൊഴുകുകയാണ്.ഊർക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകൾ ഉയർത്തി. ചാത്തമംഗലം പഞ്ചായത്തിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. താമരശ്ശേരി കട്ടിപ്പാറ കേളൻമൂലയിൽ വീടിന് മുകളിലേക്ക് മരം വീണു. ആളപായമില്ല. കോഴിക്കോട് വിലങ്ങാട് മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.പലയിടത്തും മരങ്ങൾ കടപുഴകി വീണു. മൂന്ന് വീടുകൾക്ക് മുകളിലും മരം വീണു. വയനാട്ടിൽ കല്ലുമുക്ക് വീടിനു മുകളിൽ മരം വീണു. മംഗലത്ത് കുര്യാക്കോസ് എന്ന ആളുടെ വീടിന് മുകളിലാണ് മരം വീണത്.

 

വയനാട്ടിൽ അതീവ ജാഗ്രത

വയനാട്ടിൽ ഇന്നലെ രാത്രി പരക്കെ കനത്ത മഴയും കാറ്റും വീശി. ഇന്ന രാവിലെ പലയിടങ്ങളിലും മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ ഉണ്ടായ മാനന്തവാടി മക്കിമലയിൽ അതീവ ജാഗ്രത തുടരുന്നു. വനത്തിനുള്ളിൽ മണ്ണിടിഞ്ഞിട്ടുണ്ടെന്നാണ് അനുമാനം. തലപ്പുഴയിലെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരുനെല്ലി പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പനംകുറ്റി ഉന്നതിയിലെ എട്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

പടിഞ്ഞാറത്തറ , മുട്ടിൽ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ രാത്രിയോടെ കൺട്രോൾ റൂമുകൾ തുറന്നു.പഞ്ചാരക്കൊല്ലിയിലെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളം കയറിയ നിലയിലാണ്. വയനാട് 9 പഞ്ചായത്തുകളിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. മാനന്തവാടി ,വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം. മുണ്ടക്കൈ ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം നിർത്തി. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകള്‍ എന്നിവ പാടില്ല.

സുൽത്താൻ ബത്തേരി മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ റോഡിനു കുറുകെയും വീടിനുമുകളിലേക്കും മരങ്ങൾ വീണു. സുൽത്താൻ ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ ഉന്നതികളിലേക്ക് വെളളം കയറി തുടങ്ങി. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗത തടസമുണ്ടായി. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് മരം വീണിരിക്കുന്നത്.

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു, മുന്നറിയിപ്പ്

  • ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ സംബന്ധിച്ചും ചില അറിയിപ്പുകൾ ഉണ്ട്.
  • പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത പാലിക്കണം
  • പാലക്കാട്‌ ചുള്ളിയാർ ഡാമിന്‍റെ സ്പിൽവേ ഷട്ടർ അഞ്ച് സെന്റിമീറ്റർ ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം. ആളിയാർ ഡാം ഷട്ടറും തുറന്നു.
  • മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം.
  • കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനാലും കക്കുവ പുഴ കര കവിഞ്ഞതിനാലും ജനം ജാഗ്രത പാലിക്കണം. തൃശ്ശൂര്‍ ഷോളയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടർ അരയടി ഉയർത്തി. വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ജലവിതാനം ഉയരാൻ സാധ്യത.
  • കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നു. പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് തുറന്നിട്ടുണ്ട്.
  • കണ്ണൂര്‍ പഴശ്ശി ഡാമിന്‍റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർരണ്ടര മീറ്ററും ഉയർത്തി
  • കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകളും ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും